'ഡൽഹിക്ക് ഇന്ന് രാത്രിയോെട ഒാക്സിജൻ എത്തിക്കണം', കേന്ദ്രത്തിന് താക്കീതുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കോവിഡ് ബാധിതർ ഓക്സിജൻ കിട്ടാതെ മരിച്ചുവീഴുന്നത് തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന് കേന്ദ്രത്തിന് താക്കീത് നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർധരാത്രിയോടെ എത്തിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് ഓക്സിജൻ അധിക സ്റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ.എൻ റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 64 പേജടങ്ങിയ ഉത്തരവ് നൽകിയത്. കുട്ടികളുടെ ആശുപത്രിയായ മധുകർ റെയ്ൻബോ ഉൾപെടെ ഡൽഹിയിലെ നിരവധി ആതുരാലയങ്ങളിലാണ് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നത്. ഇതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലും തുടർച്ചയായ വാദംകേൾക്കൽ തുടരുകയാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ൈഹക്കോടതി ഉത്തരവിട്ടിരുന്നു. ''ആരും കൂടുതൽ ആവശ്യപ്പെടുന്നില്ല. അത് നൽകാനാവില്ലെങ്കിൽ തിങ്കളാഴ്ച നിങ്ങളുടെ വിശദീകരണം തേടും' എന്നായിരുന്നു ഹൈക്കോടതി കേന്ദ്ര സർക്കാറിനു നൽകിയ അന്ത്യശാസനം.
പ്രതിദിനം 970 മെട്രിക് ടൺ ഓക്സിജൻ അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാൾ സർക്കാറിന്‍റെ ആവശ്യം. എന്നാൽ, 590 മെട്രിക് ടൺ ആയിരുന്നു ശനിയാഴ്ച അനുവദിച്ചത്.
തിങ്കളാഴ്ച പുതുതായി 20,000 ലേറെ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ മരണം 400 ലേറെയാണ്. കോവിഡ് വാക്സിൻ വിലയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലെ വ്യത്യാസവും പരിഹരിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 50 ശതമാനം വാക്സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി വിൽക്കാൻ നിർമാതാക്കൾക്ക് അനുമതി നൽകിയ കേന്ദ്രത്തിന് ഒരു വിലയും സംസ്ഥാനങ്ങൾക്ക് ഉയർന്ന വിലയുമാണ് ഈടാക്കുന്നത്. സംസ്ഥാനവും കേന്ദ്രവും ജനങ്ങൾക്കുവേണ്ടിയുളള ഭരണകൂടങ്ങളായിരിക്കെ കേന്ദ്രത്തിന് കുറഞ്ഞ വിലക്കും സംസ്ഥാനങ്ങൾക്ക് ഇരട്ടിയും അതിലേറെയും വിലക്കും നൽകുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആക്ഷേപം. നിർമാതാക്കൾക്ക് വാക്സിന് വിലയിടാൻ അവസരം നൽകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.