'തടവിലാക്കപ്പെടാതിരിക്കാൻ വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പ് വരുത്തുക'; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മമത
text_fieldsകൊൽക്കത്ത: യോഗ്യരായ ആളുകൾ എത്രയും പെട്ടന്ന് തന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഭൂമി വിതരണം സംബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
"വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം എൻ.ആർ.സിയുടെ പേരിൽ കേന്ദ്ര സർക്കാർ നിങ്ങളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയക്കും"- മമത പറഞ്ഞു. പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനാവില്ല. മേൽപ്പാലം നിർമിക്കാനെന്ന പേരിൽ നഷ്ടപരിഹാരം നൽകാതെ റെയിൽവേ ആളുകളെ ഒഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാൽ പശ്ചിമ ബംഗാളിൽ ഇത്തരം ഒഴിപ്പിക്കൽ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
ആരുടെയെങ്കിലും ഭൂമി ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയാൽ പ്രതിഷേധം ആരംഭിക്കണമെന്നും അതിന് സർക്കാർ പിന്തുണയുണ്ടാകുമെന്നും മമത ഉറപ്പ് നൽകി. കർഷകർക്ക് കേന്ദ്രത്തിൽ നിന്ന് വളം ലഭിക്കുന്നില്ലെന്നും ഇതേ അവസ്ഥ ഇനിയും തുടരുകയാണെങ്കിൽ സ്വന്തമായി വളം നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും മമത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.