നീറ്റ് ക്രമക്കേട് വ്യാപം അഴിമതിയുടെ ദേശീയ രൂപമാണെന്ന് ദിഗ് വിജയ് സിങ്; 'പരീക്ഷ റദ്ദാക്കി അന്വേഷണം നടത്തണം'
text_fieldsന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി പരീക്ഷയിലെ ക്രമക്കേടിനെതിരെ രൂക്ഷ പ്രതികരണവുമായി മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
'നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കുകയും പുതിയ പരീക്ഷ ഉടൻ നടത്തുകയും വേണം. പാർലമെന്‍റ് പാസാക്കിയ പുതിയ നിയമ പ്രകാരം നിഷ്പക്ഷമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുകയും വേണം' -ദിഗ് വിജയ് സിങ് എക്സിൽ കുറിച്ചു.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് വളരെ ഗുരുതര വിഷയമാണ്. മധ്യപ്രദേശിൽ നടന്ന വ്യാപം അഴിമതിയുടെ ദേശീയ രൂപമാണിത്. ദേശീയ പരീക്ഷ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനം സംശയം ജനിപ്പിക്കുന്നതും അഴിമതി നിറഞ്ഞതുമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരിയിൽ പൊതു പരീക്ഷകൾ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ 2024 പാർലമെന്‍റ് പാസാക്കുകയും നിയമം കർശനമായി നടപ്പാക്കിയിട്ടും ക്രമക്കേടുകൾ സംഭവിക്കുന്നത് എൻ.ടി.എയുടെ പ്രവർത്തനങ്ങളെയാണ് സംശയത്തിലാക്കുന്നത്. ഇത് കേന്ദ്ര സർക്കാറിനെയും പരീക്ഷ ഏജൻസിയുടെയും വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നതാണെന്നും ദിഗ് വിജയ് സിങ് ചൂണ്ടിക്കാട്ടി.
അതേസമയം, നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നീറ്റ് പരീക്ഷ സംബന്ധിച്ച് അപാകത കണ്ടെത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാറും എൻ.ടി.എയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നീതി ഉറപ്പാക്കും.
ആറു പരീക്ഷാ കേന്ദ്രങ്ങളില്‍ നല്കിയ ചോദ്യപേപ്പറിലാണ് പിശക് കണ്ടെത്തിയത്. ഈ സെന്ററുകളില്‍ പരീക്ഷയെഴുതിയ 1563 വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. നിസാര പ്രശ്നത്തിൽ കോൺഗ്രസ് രാഷ്ടീയം കലർത്തുകയാണ്. വൈകാരിക വിഷയത്തിൽ പ്രതിപക്ഷം വസ്തുതകൾ അറിയാതെ കള്ളം പ്രചരിപ്പിക്കുകയാണെന്നും ധര്‍മേന്ദ്ര പ്രധാന് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.