ചടങ്ങിന് ഒത്തുകൂടി; ഹിമാചലിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ്
text_fieldsമനാലി: ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ് പോസിറ്റീവ്. ലാഹൗൾ താഴ്വരയിലെ തോറങ് ഗ്രാമവാസികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. 52കാരനായ ഭൂഷൺ താക്കൂറിന് മാത്രം കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതോടെ ജനസംഖ്യ അനുപാതത്തിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള ജില്ല ലാഹൗൾ താഴ്വരയായി മാറി.
ശൈത്യകാലം തുടങ്ങിയതോടെ തോറങ് ഗ്രാമവാസികളിൽ ഭൂരിഭാഗവും കുളുവിലേക്ക് കുടിയേറിയിരുന്നു. 42 പേർ മാത്രമാണ് ഗ്രാമത്തിലുണ്ടായിരുന്നത്. രണ്ടുദിവസം മുമ്പ് ഗ്രാമവാസികൾ എല്ലാവരും കോവിഡ് പരിശോധനക്ക് വിധേയമാകുകയായിരുന്നു. പരിശോധന ഫലത്തിൽ ഒരാൾക്കൊഴികെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചു.
കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഗ്രാമവാസികളെല്ലാം ചേർന്ന് മതപരമായ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഇതോടെ സാമൂഹിക വ്യാപനം സംഭവിക്കുകയും കോവിഡ് പടരുകയുമായിരുന്നു. ഗ്രാമത്തിെൻറ പരിസരപ്രദേശങ്ങളിലേക്കും കോവിഡ് വ്യാപിക്കുന്നുണ്ട്.
കോവിഡ് സ്ഥിരീകരിക്കാത്ത ഭൂഷൺ നിലവിൽ ക്വാറൻറീനിൽ കഴിയുകയാണ്. വീട്ടിലെ പ്രത്യേക മുറിയിൽ സ്വയം തയാറാക്കിയ ഭക്ഷണം കഴിച്ച് കഴിഞ്ഞുകൂടുകയാണ് ഇദ്ദേഹം. പരിശോധന ഫലം വരുന്നതുവരെ വീട്ടുകാർക്കൊപ്പമായിരുന്നു ഇദ്ദേഹത്തിെൻറ താമസം. ഇടക്കിടെ കൈകൾ അണുവിമുക്തമാക്കുകയും മാസ്ക് ധരിക്കുകയും പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭൂഷെൻറ കുടുംബത്തിലെ അഞ്ചുപേർക്ക് കോവിഡ് പോസിറ്റീവാണ്.
താഴ്വരയിൽ കോവിഡ് പടർന്നതോടെ വിനോദസഞ്ചാരികൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. ഗ്രാമത്തിനുചുറ്റും കണ്ടെയ്ൻമെൻറ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.