നീറ്റ്, ജെ.ഇ.ഇ: കേന്ദ്രം വിദ്യാർഥികളുടെ ജീവിതം വെച്ച് കളിക്കുന്നുവെന്ന് സിസോദിയ
text_fields
ന്യൂഡൽഹി: കോവിഡ് വ്യാപിക്കുമ്പോഴും സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തീരുമാനത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണമെന്നും പരീക്ഷ നടത്താനായി മറ്റൊരു മാർഗം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ നന്മക്കായി കേന്ദ്രം ചിന്തിക്കണം. സുരക്ഷിതമായ ആയിരം ബദൽ മാർഗങ്ങൾ നീറ്റ്-ജെ.ഇ.ഇ പരീക്ഷക്ക് ഉണ്ടാകും -സിസോദിയ പറഞ്ഞു.
നീറ്റ്-ജെ.ഇ.ഇ പരീക്ഷ മാത്രമാണ് ഒരേയൊരു മാർഗമെന്ന ചിന്ത അപ്രായോഗികമാണ്. ലോകവ്യാപകമായി വിദ്യാഭ്യാസ രംഗം പുതിയ സമ്പ്രദായങ്ങളിലേക്ക് മാറുന്നു. ഇന്ത്യയിൽ എന്തുകൊണ്ട് അത് സാധ്യമാകുന്നില്ല. ഒരു എൻട്രൻസ് പരീക്ഷക്ക് വേണ്ടി വിദ്യാർഥികളുടെ ജീവിതം അപകടത്തിലാക്കണോ.
പരീക്ഷയുടെ പേരിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവിതം വെച്ച് കളിക്കുകയാണ് കേന്ദ്ര സർക്കാർ. എൻട്രൻസ് പരീക്ഷകൾ ഒഴിവാക്കി ബദൽ മാർഗം തേടാൻ ഞാൻ അഭ്യർഥിക്കുകയാണ്. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികളാണാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
6.5 ലക്ഷം വിദ്യാർഥികളാണ് രാജ്യത്താകെ നീറ്റ്-ജെ.ഇ.ഇ പരീക്ഷയെഴുതുന്നത്. ഇവർക്ക് പ്രവേശന കാർഡുകൾ ലഭ്യമാക്കിക്കഴിഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പടെ ആവശ്യപ്പെടുന്നുണ്ട്.
പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പരീക്ഷ മാറ്റിവെച്ച് വിദ്യാർഥികളുടെ ഭാവി പന്താടാൻ ഒരുക്കമല്ലെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എല്ലാ സുരക്ഷാ സംവിധാനവും പരീക്ഷക്കായി ഒരുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.