മുസ്ലിം, ക്രിസ്ത്യൻ വ്യാപാരികൾക്ക് പ്രവേശനം വിലക്കി മധ്യപ്രദേശിലെ ഗ്രാമം
text_fieldsഭോപാൽ: മുസ്ലിം, ക്രിസ്ത്യൻ വ്യാപാരികൾക്ക് പ്രവേശനം വിലക്കി മധ്യപ്രദേശിലെ അശോക്നഗർ ജില്ലയിലെ ധാതുരിയ ഗ്രാമം. പ്രവേശനം വിലക്കി ഗ്രാമമുഖ്യന്റെ പേരിൽ പതിച്ച പോസ്റ്ററുകൾ അധികൃതർ നീക്കം ചെയ്തെങ്കിലും വിലക്ക് തുടരുമെന്ന് ഗ്രാമമുഖ്യൻ ബബ്ലു യാദവ് വ്യക്തമാക്കി.
‘‘ഗ്രാമവാസികളുടെ യോഗത്തിൽ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗ്രാമത്തിൽ പ്രവേശിക്കുന്ന വ്യാപാരികളുടെ ആധാർ കാർഡും മറ്റ് തിരിച്ചറിയൽ വിവരങ്ങളും പരിശോധിക്കും. ലവ് ജിഹാദ്, മതംമാറ്റം തുടങ്ങിയവ സംബന്ധിച്ച് കേൾക്കുന്നു.
ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയും മോഷണവും അത്തരത്തിലുള്ള പ്രവർത്തനങ്ങളും തടയുകയുമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ഗ്രാമത്തിൽ പ്രവേശിക്കുന്നവരുടെ മേൽ ഞങ്ങളുടെ കണ്ണുണ്ടാകും. ഓരോരുത്തരെയും പരിശോധിക്കും. അവർക്ക് പൊലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെ നിശ്ചിത സ്ഥലത്ത് കച്ചവടം നടത്താം. മുസ്ലിംകളും ക്രിസ്ത്യാനികളും വീടുകളിൽ കയറി വ്യാപാരം നടത്തുന്നത് അനുവദിക്കില്ല’’ -ഗ്രാമമുഖ്യൻ പറഞ്ഞു. ധൗര പഞ്ചായത്തിൽ മുസ്ലിം, ക്രിസ്ത്യൻ വ്യാപാരികളുടെ പ്രവേശനം വിലക്കിയിരിക്കുന്നു എന്നെഴുതിയാണ് നേരത്തെ പോസ്റ്റർ പതിച്ചിരുന്നത്.
നൂഹ് സംഘർഷം: മുസ്ലിം കച്ചവടക്കാരെ നിരോധിച്ചതായി പ്രചാരണം, നിഷേധിച്ച് അധികൃതർ
ചണ്ഡിഗഢ്: വർഗീയ സംഘർഷം നടന്ന നൂഹിൽ മുസ്ലിം കച്ചവടക്കാരെ നിരോധിച്ചതായി ഗ്രാമമുഖ്യന്മാരുടെ പേരിൽ സമൂഹമാധ്യമ പ്രചാരണം. ഹരിയാനയിലെ മഹേന്ദർഗഢ്, റെവാരി, ഝജ്ജർ ജില്ലകളിലെ ഗ്രാമമുഖ്യന്മാർ സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർക്ക് അയച്ചതെന്ന വിധത്തിലാണ് കത്തുകൾ പുറത്തുവന്നത്.
നൂഹിൽ വിശ്വഹിന്ദു പരിഷത്ത് റാലിക്കുനേരെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടി മുസ്ലിംകളായ തെരുവ് കന്നുകാലി കച്ചവടക്കാരെ നിരോധിക്കണമെന്നാണ് കത്തിലുള്ളത്. എന്നാൽ, ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്ന് മഹേന്ദർഗഢ് ഡെപ്യൂട്ടി കമീഷണർ മോനിക ഗുപ്ത പറഞ്ഞു. അപരിചിതരായ കച്ചവടക്കാരുടെ വിവരങ്ങൾ തേടിയാണ് കത്തയച്ചതെന്നും മുസ്ലിംകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചില ഗ്രാമമുഖ്യന്മാൻ പ്രതികരിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത അധികൃതർ കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, നൂഹ് സംഘർഷവുമായി ബന്ധപ്പെട്ട് 57 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 188 പേരെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയതിന് 11 പേർ അറസ്റ്റിലായിട്ടുണ്ട്.
സമുദായ സ്പർധക്ക് ചിലർ ശ്രമിക്കുന്നു - ഖാപ് പഞ്ചായത്ത് തലവൻ
ന്യൂഡൽഹി: മേവാത്തി മുസ്ലിംകൾ സഹോദരന്മാരാണെന്നും ഹരിയാനയിൽ ഹിന്ദുകൾക്കും മുസ്ലിംകൾക്കും ഇടയിൽ വിള്ളൽ സൃഷ്ടിക്കാൻ ചിലർ ആഗ്രഹിക്കുന്നുണ്ടെന്നും ധൻകർ ഖാപ് പഞ്ചായത്ത് തലവൻ ഓം പ്രകാശ് ധൻഖർ പറഞ്ഞു. നൂഹ്, ഗുരുഗ്രാം, സോഹൻ ഉൾപ്പെടെ ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോനു മനേസറും ബിട്ടു ബജ്റംഗിയും പ്രചരിപ്പിച്ച വിദ്വേഷ പ്രസംഗങ്ങളും പ്രകോപനപരമായ വിഡിയോകളും മുന്നറിയിപ്പുകളും ഭരണകൂടം അവഗണിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം എ.പി.സി.ആർ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ക്രമസമാധാനപാലനത്തിലെ പൊലീസിന്റെ പരാജയവും അക്രമങ്ങൾക്ക് ആക്കം കൂട്ടി.
അക്രമകാരികൾക്കൊപ്പം പൊലീസും സജീവമായി പങ്കെടുത്തതിന്റെ വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അക്രമങ്ങൾക്കു ശേഷം മുസ്ലിംകൾക്കെതിരായ ഏകപക്ഷീയവും പക്ഷപാതപരവുമായ പൊലീസ് നടപടിയാണ് ഉണ്ടാകുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് നൂഹ് നഗരത്തിൽ 50ലധികം എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 156ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മുസ്ലിംകളാണ്. അക്രമത്തിന് ശേഷമുള്ള അനന്തരഫലവും നേരിടുന്നത് മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നൂഹിൽ പ്രവേശനം ബി.ജെ.പി സംഘത്തിന് മാത്രം
ഗുരുഗ്രാം: വ്യാപക അക്രമം നടന്ന നൂഹ് ജില്ല സന്ദർശിച്ച് ബി.ജെ.പി പ്രതിനിധി സംഘം. എന്നാൽ, ആം ആദ്മിയുടെ സംഘത്തെ നൂഹിൽ കടക്കാൻ അനുവദിക്കാതെ തിരിച്ചയച്ചു.
സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധൻഖറിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി സംഘമെത്തിയത്. ആം ആദ്മി പാർട്ടിയുടെ ഹരിയാന സംസ്ഥാന കമ്മിറ്റിയിലെ ഏഴംഗ സംഘത്തെ നൂഹിലെ രേവാസൻ ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് തടഞ്ഞത്.
കർഫ്യൂ പ്രഖ്യാപിച്ചതിനാലാണ് തടഞ്ഞ് തിരിച്ചയച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച കോൺഗ്രസിന്റെയും ഞായറാഴ്ച സി.പി.ഐയുടെയും പ്രതിനിധികളെ പൊലീസ് തടഞ്ഞിരുന്നു.
ഗെസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്യാൻ ഏത് രാഷ്ട്രീയ പ്രതിനിധികൾക്കും നൂഹ് സന്ദർശിക്കാമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നതായി ജില്ല കമീഷണർ ധീരേന്ദ്ര ഖഡ്ഗത പറഞ്ഞു. ഉദ്യോഗസ്ഥരെ കാണാനാണ് ബി.ജെ.പി സംഘമെത്തിയത്. എന്നാൽ, കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും സി.പി.ഐയുടെയും പ്രതിനിധികൾ ജനങ്ങളെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.