പരിസ്ഥിതി പ്രവർത്തകൻ മനോജ് മിശ്ര നിര്യാതനായി
text_fieldsന്യൂഡൽഹി: യമുന നദിയുടെ ഉൾപ്പെടെ പുനരുജ്ജീവനത്തിനായി ദീർഘകാലം നേതൃത്വം നൽകിയ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും മുൻ ഇന്ത്യൻ ഫോറസ്റ്റ് സർവിസ് (ഐ.എഫ്.എസ്) ഓഫിസറുമായ മനോജ് മിശ്ര (68) നിര്യാതനായി. ഏപ്രിൽ എട്ടിന് കോവിഡ് സ്ഥിരീകരിച്ചശേഷം ചികിത്സയിലായിരുന്നു. ഉത്തർപ്രദേശിലെ മഥുരയിൽ ജനിച്ച മനോജ് മിശ്ര ചെറുപ്പകാലം മുതലേ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1979ലാണ് ഇന്ത്യൻ ഫോറസ്റ്റ് സർവിസിൽ പ്രവേശിക്കുന്നത്.
മധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം രാജ്യത്തെ വിവിധയിടങ്ങളിൽ ജോലി ചെയ്തു. 2001ൽ സ്വയം വിരമിച്ച് മുഴുവൻ സമയവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനിറങ്ങി. 2007ൽ യമുന നദിയുടെയും അതിന്‍റെ പ്രളയസാധ്യതാ മേഖലയുടെയും സംരക്ഷണത്തിനായി ‘യമുന ജിയെ അഭിയാൻ’ എന്ന മുന്നേറ്റത്തിന് തുടക്കംകുറിച്ചു. 1994ൽ യമുന നദിയിലെ മലിനീകരണം ദേശീയതലത്തിൽ വലിയ ചർച്ചയായപ്പോൾ മനോജ് മിശ്രയുടെ ഇടപെടൽ നിർണായകമായിരുന്നു.
വനനശീകരണം, അനധികൃത ഖനനം, പരിസ്ഥിതി നാശം തുടങ്ങിയവക്കെതിരെ ദീർഘകാലം പോരാടി. വനത്തിന്‍റെയും നദികളുടെയും സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾ വലിയതരത്തിലുള്ള അംഗീകാരങ്ങൾ നേടിക്കൊടുത്തു. മെട്രോ ഡിപ്പോയുടെ നിർമാണം (2007), മില്ലേനിയം ബസ് ഡിപ്പോ നിർമാണം (2011), കെട്ടിട നിർമാണ അവശിഷ്ടം തള്ളൽ (2012), അഴുക്കുചാലുകൾ മൂടിക്കളയുന്ന പ്രവൃത്തി (2013), 2016 മാർച്ചിൽ ആർട്ട് ഓഫ് ലിവിങ് നടത്തിയ സാംസ്കാരികമേള തുടങ്ങിയവക്കെതിരെ യമുന നദി സംരക്ഷണം ലക്ഷ്യംവെച്ച് ശബ്ദമുയർത്തി. മനോജ് മിശ്രയുടെ ഇടപെടലിന്‍റെ ഫലമായി 2015ൽ യമുന നദിയുടെ ഘട്ടംഘട്ടമായുള്ള പുനരുജ്ജീവനത്തിനായി ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകി. ചികിത്സയിലാകുന്നതുവരെയും യമുന നദി സംരക്ഷണത്തിനായി നിലകൊണ്ടു. നിര്യാണത്തിൽ യമുന ജിയെ അഭിയാൻ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെ നിരവധി പേർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.