ഇ.പി.എഫ് പെൻഷൻ; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് തൊഴിലാളി സംഘടനകൾ
text_fieldsന്യൂഡൽഹി: ഇ.പി.എഫ് പെൻഷനുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് ഉടൻ നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ (സി.ബി.ടി) അസാധാരണ യോഗം ഉടൻ വിളിച്ചുചേർക്കണമെന്ന് വിവിധ തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു.
''കൂടുതൽ ശമ്പളമുള്ള ഇ.പി.എഫ് അംഗങ്ങൾക്ക് കൂടുതൽ പെൻഷൻ ലഭിക്കുന്ന ഓപ്ഷൻ തെരരഞ്ഞെടുക്കാൻ സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണ്. അതുകൊണ്ട് കോടതി നൽകിയ ഇളവ് അംഗങ്ങൾക്ക് ഉടൻതന്നെ ലഭ്യമാക്കാൻ കേന്ദ്ര തൊഴിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സി.ബി.ടിയുടെ പ്രത്യേക യോഗം വിളിച്ചുചേർക്കണം'' -ഹിന്ദ് മസ്ദൂർ സഭ ജനറൽ സെക്രട്ടറി ഹർഭജൻ സിങ് സിദ്ദു ആവശ്യപ്പെട്ടു. അടിയന്തര യോഗം വിളിച്ചുചേർക്കാൻ ഭരണാനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസും ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി ഉത്തരവോടെ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷന് അർഹതയുള്ളവരും, 2014നുമുമ്പ് ഈ ഓപ്ഷൻ എടുക്കാത്തവരുമായ ജീവനക്കാർക്ക് തൊഴിലുടമയുമായി ചേർന്ന് അടുത്ത നാലു മാസം വരെ ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം. 2014ലെ എംപ്ലോയീസ് പെൻഷൻ പദ്ധതി (ഇ.പി.എസ്) ഭേദഗതി ഉത്തരവ് ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ശരിവെച്ചത്. 2014 സെപ്റ്റംബർ ഒന്നുവരെ ഇ.പി.എസ് അംഗങ്ങളായിട്ടുള്ള ജീവനക്കാർക്ക് തങ്ങളുടെ 'യഥാർഥ' ശമ്പളത്തിന്റെ 8.33 ശതമാനമാണ് പെൻഷൻ വിഹിതമായി അടക്കാവുന്നത്.
പിന്നീട് 15,000 രൂപ ശമ്പളപരിധി നിശ്ചയിക്കുകയായിരുന്നു. 15,000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവർ 1.16 ശതമാനം അധിക വിഹിതം അടക്കണമെന്ന ഭേദഗതി പുതിയ ഉത്തരവിൽ സുപ്രീംകോടതി താൽക്കാലികമായി ഒഴിവാക്കിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ആറുമാസം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.