വീട് വാങ്ങാം; ഈട് പി.എഫ്
text_fieldsന്യൂഡല്‍ഹി: പ്രോവിഡന്‍റ് ഫണ്ട് ഈടായി നല്‍കി ചെലവുകുറഞ്ഞ വീട് വാങ്ങുന്ന പദ്ധതിക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തുടക്കമാകും. നാലു കോടിയോളം വരുന്ന പി.എഫുകാര്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. പദ്ധതിപ്രകാരം മാസഗഡു അക്കൗണ്ട് വഴി തിരിച്ചടക്കാനുമാകും. പി.എഫ് വരിക്കാര്‍ക്കായി തയാറാക്കിയ പദ്ധതി 2017-18ഓടെ നിലവില്‍വരുമെന്നും മാര്‍ച്ച് അവസാനത്തോടെ പി.എഫ് പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാകുമെന്നും കേന്ദ്ര പി.എഫ് കമീഷണര്‍ വി.പി. ജോയ് അറിയിച്ചു. ഇ.പി.എഫ് അക്കൗണ്ട് മുഖേന ഭവനവായ്പ തിരിച്ചടക്കാന്‍ പദ്ധതി മുഖേന കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ കീഴില്‍ ഇ.പി.എഫ് വരിക്കാര്‍ക്ക് അവരുടെ സേവനകാലയളവില്‍ തിരിച്ചടക്കാവുന്ന തരം വീടുകള്‍ വാങ്ങാം. വീട് നിര്‍മിക്കാനും പദ്ധതിയുണ്ട്. പി.എഫ് അക്കൗണ്ട് ഉടമയും വായ്പ നല്‍കുന്ന ബാങ്ക് അല്ളെങ്കില്‍ ഹൗസിങ് ഏജന്‍സിയും ഇ.പി.എഫ്.ഒയും തമ്മിലുള്ള കരാര്‍പ്രകാരമാണ് വായ്പ അനുവദിക്കുക.
താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്ക് അവരുടെ സേവന കാലയളവിനുള്ളില്‍ വീട് വാങ്ങാന്‍ കഴിയാറില്ളെന്ന് നേരത്തേ നിയമിച്ച ഇ.പി.എഫ് പാനല്‍ വിലയിരുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 16ലെ യോഗത്തില്‍ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശം അജണ്ടയാക്കി വെച്ചിരുന്നു. വിദഗ്ധ സമിതി ഈ യോഗത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.
റിപ്പോര്‍ട്ട് കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചതോടെയാണ് പദ്ധതി ആരംഭിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ മേയില്‍ പദ്ധതി സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയില്‍ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.