ഇ.പി.എഫ് വരിക്കാർക്ക് ഉയർന്ന പെൻഷൻ: കോടതിവിധി നടപ്പാക്കുന്നതിൽ അവ്യക്തത
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങൾക്ക് യഥാർഥ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ അവ്യക്തത. കോടതിവിധി നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം ഇ.പി.എഫ്.ഒവിന് (എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ) നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഉത്തരവ് പുറത്തുവന്നിട്ടില്ല. ഉത്തരവ് നടപ്പാക്കുേമ്പാൾ ഇ.പി.എഫ് അംഗങ്ങളിൽ എത്രപേർക്ക് ഗുണം ലഭിക്കുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഉയർന്ന പെൻഷൻ ലഭിക്കാനുള്ള അർഹത ഇ.പി.എഫ് അംഗങ്ങളിൽ ഒരു വിഭാഗത്തിന് മാത്രമായിരിക്കുമെന്നാണ് സൂചന.
1995ൽ ഇ.പി.എഫ് പെൻഷൻ നിയമം കൊണ്ടുവന്നപ്പോൾ 6500 രൂപ മാസ ശമ്പളം കണക്കാക്കി അതിെൻറ 8.33 ശതമാനം തുക പെൻഷൻ ഫണ്ടിൽ ലയിപ്പിച്ച് അതിന് അനുസരിച്ച് പെൻഷൻ കണക്കാക്കാനാണ് നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് വളരെ ചെറിയ തുക മാത്രമാണ് പെൻഷനായി ലഭിക്കുന്നത്. എന്നാൽ, 6500ൽ കൂടുതൽ ശമ്പളമുള്ളവർക്ക് കൂടുതൽ തുക പെൻഷൻ ഫണ്ടിലേക്ക് നൽകാമെന്ന് നിയമത്തിലുണ്ട്. അങ്ങനെ കൂടുതൽ തുക നൽകിയവർക്ക് അതനുസരിച്ചുള്ള ഉയർന്ന പെൻഷനും അർഹതയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചില അംഗങ്ങൾ നൽകിയ ഹരജിയിൽ 2014 ഒക്ടോബർ 17ന് കേരള ഹൈകോടതി വിധി പറഞ്ഞു. 2016 ജൂലൈ 12ന് സുപ്രീംകോടതി അത് ശരിവെച്ചു. അവസാനം വാങ്ങിയ ശമ്പളത്തിെൻറ തോത് അനുസരിച്ച് പി.എഫ് പെൻഷൻ നൽകണമെന്നായിരുന്നു വിധി. കോടതിയെ സമീപിച്ചവർക്ക് ഉയർന്ന പെൻഷൻ ലഭിച്ചുതുടങ്ങുകയും ചെയ്തു.
മിൽമ, കെ.എസ്.എഫ്.ഇ എന്നിവിടങ്ങളിൽനിന്ന് വിരമിച്ച 200ഒാളം പേർ ഇങ്ങനെ 10,000ത്തിലേറെ രൂപ മാസം തോറും പെൻഷൻ കൈപ്പറ്റുണ്ട്. പെൻഷൻ തുക 1000 രൂപയാക്കി ഉയർത്തിയത് പലർക്കും ലഭിച്ചിട്ടില്ലെന്നിരിക്കെയാണിത്. ഇതേതുടർന്ന് കൂടുതൽ പേർ കോടതിയെ സമീപിച്ചു. ഉയർന്ന പെൻഷൻ ആവശ്യപ്പെട്ടുള്ള 4000ത്തോളം ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്. ഇങ്ങനെ കൂടുതൽ കേസുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോടതി ഉത്തരവ് ബന്ധപ്പെട്ട എല്ലാവർക്കുമായി നടപ്പാക്കാൻ അനുമതി തേടി ഇ.പി.എഫ്.ഒ കേന്ദ്ര സർക്കാറിനെ സമീപിച്ചു. അത് ഇപ്പോൾ കേന്ദ്രം അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. സർക്കാർ തീരുമാനത്തിെൻറ വിശദാംശങ്ങൾ ഇനി ഇ.പി.എഫ്.ഒ തയാറാക്കി പുറത്തുവിടണം. അപ്പോൾ മാത്രമേ എത്രപേർക്ക്, എത്രത്തോളം ഗുണം ചെയ്യുമെന്ന കാര്യത്തിൽ വ്യക്തത കൈവരുകയുള്ളൂ. നിലവിൽ ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് തൊഴിൽ മന്ത്രാലയവും ഇ.പി.എഫ്.ഒയും വ്യക്തമായ മറുപടി നൽകുന്നില്ല.
അതിനിടെ, ഇ.പി.എഫ് പെൻഷൻ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം വ്യാഴാഴ്ച ലോക്സഭ ചർച്ചചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി കൊണ്ടുവന്ന സ്വകാര്യപ്രമേയത്തിന്മേലാണ് ചർച്ച. കഴിഞ്ഞ സമ്മേളനത്തിൽ രണ്ടു ദിവസം നടന്ന ചർച്ചയുെട തുടർച്ചയാണിത്. ചർച്ചക്ക് തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ മറുപടി പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.