ഇ.പി.എഫ്.ഒ: ഓട്ടോമോഡ് ക്ലെയിം മൂന്നു ദിവസത്തിനുള്ളിൽ; പരിധി ലക്ഷമാക്കി
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) മാർച്ച് ആറുവരെ 2.16 കോടി അപേക്ഷകൾ തീർപ്പാക്കിയതായി തൊഴിൽ സഹമന്ത്രി ശോഭ കരന്ദ്ലാജെ ലോക്സഭയെ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഇരട്ടിയാണിത്. ഇപ്പോൾ, പി.എഫിൽനിന്നുള്ള തുക ഭാഗികമായി പിൻവലിക്കലിനുള്ള അപേക്ഷകളിൽ 60 ശതമാനവും ഓട്ടോമോഡ് ആയാണ് നടപ്പാക്കുന്നത്. ഈ രീതിയിൽ പിൻവലിക്കാനുള്ള തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയെന്ന് മന്ത്രി പറഞ്ഞു.
രോഗം/ആശുപത്രി സംബന്ധമായ അപേക്ഷകൾക്കുപുറമേ, വീട്, വിദ്യാഭ്യാസം, വിവാഹം എന്നിവക്കുള്ള ഭാഗിക പിൻവലിക്കലുകളും ഓട്ടോമോഡ് ആക്കി. ഇത്തരം ക്ലെയിമുകൾ പ്രോസസ് ചെയ്യാൻ മൂന്നുദിവസം മതി. കൂടാതെ, അംഗങ്ങളുടെ വിവരങ്ങൾ തിരുത്തൽ ലളിതമാക്കി. 96 ശതമാനം തിരുത്തലുകളും ഇ.പി.എഫ് ഓഫിസ് ഇടപെടലില്ലാതെയാണ് നടത്തുന്നത്. 99 ശതമാനത്തിലധികം ക്ലെയിമുകളും ഓൺലൈനാക്കി. 7.14 കോടി അപേക്ഷകൾ ഓൺലൈൻ മോഡ് വഴി ഫയൽ ചെയ്തതായി മന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.