15,000നു മുകളിൽ ശമ്പളക്കാർക്ക് പുതിയ പെൻഷൻ പദ്ധതി ആലോചനയിൽ
text_fieldsന്യൂഡൽഹി: സംഘടിത മേഖലയിൽ 15,000 രൂപക്കു മുകളിൽ മാസശമ്പളം വാങ്ങുന്ന തൊഴിലാളികൾക്കായി പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിനു (ഇ.പി.എസ് 95) കീഴിലുള്ളവരായിരിക്കണം എന്ന വ്യവസ്ഥ നിർബന്ധമാക്കാതെയാകും പദ്ധതിയെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ സൂചന നൽകുന്നു. സംഘടിത മേഖലയിൽ, സേവനത്തിന്റെ ആരംഭത്തിൽ അടിസ്ഥാന ശമ്പളം (ബേസിക് പേയും ഡി.എയും ചേർത്തുള്ളത്) 15,000 രൂപ വരെയുള്ളവരെ ഇ.പി.എസ് 95 പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.
''ഇ.പി.എഫ്.ഒ അംഗങ്ങളിൽ ഉയർന്ന വിഹിതം അടക്കുന്നവർക്ക് ഉയർന്ന പെൻഷൻ പദ്ധതി വേണമെന്ന ആവശ്യം നിലവിലുണ്ട്. അതിനാൽ, മാസശമ്പളം 15,000 നു മുകളിലുള്ളവർക്കായി പുതിയ പെഷൻഷൻ പദ്ധതി സജീവ പരിഗണനയിലാണ്'' -ഇ.പി.എഫ്.ഒ വൃത്തങ്ങൾ വ്യക്തമാക്കി.
മാർച്ച് 11ന് ഗുവാഹതിയിൽ ചേരുന്ന, ഇ.പി.എഫ്.ഒയുടെ ഉന്നതാധികാര സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും.
ഇതുസംബന്ധിച്ച് രൂപവത്കരിച്ച ഉപസമിതി യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. ഇ.പി.എഫ്.ഒ അംഗങ്ങളിൽ 15,000ത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവർ നിലവിൽ കുറഞ്ഞ വിഹിതം അടക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.