അടുത്തവർഷം മുതൽ ഏത് ബാങ്കിൽനിന്നും ഇ.പി.എഫ്.ഒ പെൻഷൻ
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ) കീഴിലെ പെൻഷൻകാർക്ക് അടുത്ത വർഷം ജനുവരി ഒന്ന് മുതൽ ഏത് ബാങ്കിന്റെയും രാജ്യത്തെവിടെയുമുള്ള ശാഖകളിൽനിന്ന് പെൻഷൻ ലഭിക്കും. ഇതിനായി, കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനത്തിന് (സി.പി.പി.എസ്) ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് അംഗീകാരം നൽകിയതായി തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
നിലവിൽ മേഖല/സോണൽ തലത്തിലുള്ള ഇ.പി.എഫ്.ഒ ഓഫിസുകൾ മൂന്നോ നാലോ ബാങ്കുകളുമായി വെവ്വേറെ കരാറുണ്ടാക്കിയാണ് പെൻഷൻ വിതരണം ചെയ്യുന്നത്. പെൻഷൻ ലഭിക്കുന്നയാൾ മറ്റൊരു സ്ഥലത്തേക്ക് മാറുകയോ ബാങ്ക് ശാഖ മാറ്റുകയോ ചെയ്യുമ്പോൾ നിലവിലെ ഇ.പി.എഫ്.ഒ ഓഫിസിൽനിന്ന് പുതിയ ഇ.പി.എഫ്.ഒ ഓഫിസിലേക്ക് പെൻഷൻ പെയ്മെന്റ് ഓർഡർ അയക്കണം. മാത്രമല്ല, പെൻഷൻ ആരംഭിക്കുമ്പോൾ ബന്ധപ്പെട്ട ബാങ്ക് ശാഖയിലെത്തി വെരിഫിക്കേഷൻ നടത്തുകയും വേണം. ഈ പ്രക്രിയകളെല്ലാം ഒഴിവാക്കുന്നതാണ് പുതിയ ഏകീകൃത പെൻഷൻ വിതരണ സംവിധാനം.
പദ്ധതി നടപ്പാകുമ്പോൾ പെൻഷൻ അനുവദിക്കുന്ന സമയത്തുതന്നെ അക്കൗണ്ടിലെത്തുകയും ചെയ്യും. പെൻഷൻ വിതരണത്തിലെ ചെലവ് ഗണ്യമായി കുറക്കാൻ പുതിയ സംവിധാനത്തിന് കഴിയുമെന്ന് ഇ.പി.എഫ്.ഒ പ്രതീക്ഷിക്കുന്നു. വിരമിച്ചശേഷം സ്വന്തം നാട്ടിലേക്ക് മാറുന്ന ജീവനക്കാർക്ക് പദ്ധതി ഏറെ ആശ്വാസമാകും. അടുത്ത ഘട്ടത്തിൽ ആധാർ അധിഷ്ഠിത വിതരണ സംവിധാനം (എ.ബി.പി.എസ്) ആണ് ഇ.പി.എഫ്.ഒ ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.