ഇ.പി.എഫ്.ഒ: ഹരജി പരിഗണിക്കൽ വൈകുന്നു; തൊഴിലാളികളുടെ പെൻഷൻ അനിശ്ചിതത്വത്തിൽതന്നെ
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഓർഗനൈസേഷനിൽ (ഇ.പി.എഫ്.ഒ) അംഗമായവരുടെ ഉയർന്ന പെൻഷൻ അനിശ്ചിതമായി നീളുന്നു. തൊഴിലാളികൾക്ക് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടെങ്കിലും അതിനെതിരെ ഇ.പി.എഫ്.ഒ നൽകിയ പുനഃപരിശോധന ഹരജി പരിഗണിക്കാൻ വൈകുന്നതാണ് ഉയർന്ന പെൻഷൻ ആനുകൂല്യത്തിന് തടസ്സമാകുന്നത്. കേരള ഹൈകോടതി വിധിക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയം സമർപ്പിച്ച ഹരജിയും സുപ്രീംകോടതി പരിഗണനക്കെടുത്തിട്ടില്ല.
സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്ന് പല പെൻഷൻകാരും അതത് ഹൈകോടതികളെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചെങ്കിലും ഇ.പി.എഫ്.ഒ നൽകിയ പുനഃപരിശോധന ഹരജിയിൽ തീരുമാനമാകും വരെ ഉയർന്ന പെൻഷൻ നൽകേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ വാക്കാൽ പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് സുപ്രീംകോടതിയിൽ റിട്ട് ഹരജി വന്നപ്പോൾ അതിൽ വാദം കേൾക്കുന്നതിനെ കേന്ദ്രം എതിർത്തിരുന്നു.
15 ലക്ഷം കോടി രൂപ കേന്ദ്രത്തിന് അധികബാധ്യതയുണ്ടാക്കുന്നതാണ് ഉയർന്ന പെൻഷനെന്ന് അറ്റോണി ജനറൽ അന്ന് കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ അനുവദിച്ച് സുപ്രീംകോടതി വിധി വന്നത്. കേരള ഹൈകോടതി വിധിക്കെതിരെ എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ നൽകിയ ഹരജി തള്ളിക്കൊണ്ടായിരുന്നു വിധി. പെൻഷൻ കണക്കാക്കുന്ന ശമ്പളത്തിന് 15,000 രൂപ പരിധി നിശ്ചയിച്ച വിജ്ഞാപനം അസാധുവാക്കിയ ഹൈകോടതി വിധി അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി.
അതിനിടെ, പെൻഷൻ ദയാവായ്പല്ലെന്നും മാന്യമായി ജീവിക്കാനുള്ള കരുതൽ പദ്ധതിയാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ വ്യക്തമാക്കി. കേരളത്തിൽ യു.ഡി ക്ലർക്കായി വിരമിച്ചയാളുടെ അപ്പീലിലാണ് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചിെൻറ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.