നോമിനിയെ നിർദേശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം: ഇ.പി.എഫ് വെബ്സൈറ്റ് പണിമുടക്കി
text_fieldsന്യൂഡൽഹി: പ്രൊവിഡന്‍റ് ഫണ്ടിൽ (ഇ.പി.എഫ്) അംഗത്വമുള്ളവർക്ക് തങ്ങളുടെ നോമിനിയെ നിർദേശിക്കാനുള്ള സമയം അവസാനിക്കാനിരിക്കേ വെബ്സൈറ്റ് പണിമുടക്കി. epfindia.gov.in എന്ന വെബ്സൈറ്റാണ് പൂർണമായും പ്രവർത്തന രഹിതമായത്. കഴിഞ്ഞ ആറുദിവസമായി വെബ്സൈറ്റിൽ തടസ്സം നേരിടുന്നുണ്ട്. ഇടക്കിടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും വേഗത വളരെ കുറവാണ്.
യു.എ.എൻ നമ്പറും ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനും ഇ - നോമിനേഷൻ സമർപ്പിക്കാനുമുള്ള അവസാന തീയതി നാളെയാണ്. ഡിസംബർ 31 ന് ശേഷം ഇനിയൊരു അവസരമുണ്ടാകില്ലെന്നാണ് അറിയിച്ചിരുന്നത്. (Also read: ഇ.പി.എഫ്.ഒ ഇ-നോമിനേഷനുള്ള അവസാന തീയതി നീട്ടി) ഈ സാഹചര്യത്തിൽ രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് തൊഴിലാളികൾ വെബ്സൈറ്റിൽ കയറിയതാണ് പ്രവർത്തനം നിലക്കാൻ കാരണമെന്നാണ് സൂചന.
തൊഴിലാളികളുടെ കാലശേഷം പി.എഫ് തുകയ്ക്കുള്ള അവകാശി ആരായിരിക്കുമെന്ന് നിർദേശിക്കുന്നതാണ് ഇ നോമിനേഷൻ. പുതിയ നോമിനിയെ നിർദേശിക്കുന്നതോടെ പഴയ നോമിനി ഇല്ലാതാവും. എന്നാൽ വെബ്സൈറ്റ് പണിമുടക്കിയതോടെ അവസാന തീയ്യതിക്ക് മുൻപ് എങ്ങിനെ നിർദേശം പാലിക്കും എന്നറിയാതെ പ്രയാസപ്പെടുകയാണ് അക്കൗണ്ട് ഉടമകൾ. തകരാർ പരിഹരിക്കാത്തതിനാൽ നോമിനേഷൻ സമർപ്പിക്കാനുള്ള കാലാവധി നീട്ടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
'ഓരോ ബ്രൗസറും മാറിമാറി പരീക്ഷിച്ചു, സിസ്റ്റം മാറ്റി, അതിരാവിലെയും രാത്രിയും പകലും ശ്രമിച്ചു, പക്ഷേ എല്ലാം വെറുതെയായി. കഴിഞ്ഞ 5 ദിവസമായി വെബ്സൈറ്റ് തകരാറിലാണ്' എന്നാണ് ഒരാൾ ഇ.പി.എഫിന്‍റെ ട്വീറ്റിൽ കമന്‍റ് ചെയ്തത്. ഈ സാഹചര്യത്തിൽ സമയപരിധിക്കകം എങ്ങനെ ഇ-നോമിനേഷൻ ഫയൽ ചെയ്യും എന്നും ഉപഭോക്താക്കൾ ചോദിക്കുന്നു.
'ഞങ്ങളുടെ സഹപ്രവർത്തകരിൽ ഭൂരിഭാഗവും പി.എഫ് സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. 2021 ഡിസംബർ 31നകം ക്ലെയിം ഫോം സമർപ്പിക്കണം. എന്നാൽ, കനത്ത ലോഡ് കാരണം സൈറ്റ് ക്രാഷാകുന്നതിനാൽ പ്രവർത്തനരഹിതമാണ്..' 'ഇന്നും സൈറ്റ് പ്രവർത്തിക്കുന്നില്ല, വളരെ ദയനീയമാണ്. അഞ്ച് ദിവസമായി ഡിജിറ്റൽ ഇന്ത്യയും സൈറ്റും പ്രവർത്തനരഹിതമാണ്' -അക്കൗണ്ട് ഉടമകൾ ചൂണ്ടിക്കാട്ടി.
ഇ-നോമിനേഷൻ എങ്ങനെ ചേർക്കാം
ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റായ epfindia.gov.in സന്ദർശിക്കുക.
ഹോംപേജിലെ 'services' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'For Employees' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
'Member UAN/ Online Services' ബട്ടൺ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
'Manage Tab' വിഭാഗത്തിന് താഴെയുള്ള 'E-Nomination' ഓപ്ഷൻ തിരഞ്ഞെടുക്കുക.
'Provide Details' എന്ന ടാബ് സ്ക്രീനിൽ ദൃശ്യമാകും. 'Save' ക്ലിക്ക് ചെയ്യുക.
പോർട്ടലിൽ Family Declaration അപ്ഡേറ്റ് ചെയ്യാൻ 'yes' ക്ലിക്ക് ചെയ്യുക.
'Add Family Details' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിന് കീഴിൽ ഒന്നിൽ കൂടുതൽ അംഗങ്ങളെ ചേർക്കാം.
പങ്കാളിത്തം വ്യക്തമാക്കാൻ 'Nomination Details' ക്ലിക്ക് ചെയ്യുക, തുടർന്ന് 'save' ക്ലിക്ക് ചെയ്യുക.
OTP ജനറേറ്റ് ചെയ്യാൻ E-sign ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച OTP നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.