എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും ഇ.പി.എസ്, ഒ.പി.എസ് പോര്; ജനറൽ കൗൺസിലിൽനിന്ന് പനീർ സെൽവം ഇറങ്ങിപ്പോയി
text_fieldsചെന്നൈ: തമിഴ്‌നാട്ടിലെ പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും എടപ്പാടി പളനിസാമി, ഒ. പനീർ സെൽവം പോര്. പളനിസാമി പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ഒ. പനീർ സെൽവം ജനറൽ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പനീർസെൽവത്തെ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ ആരോപണം.
കൗൺസിലിൽ പങ്കെടുത്ത ഭൂരിഭാഗം പ്രതിനിധികളും പളനിസാമിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്. ജൂലൈ 11ന് ചേരുന്ന ജനറൽ കൗൺസിൽ അദ്ദേഹത്തെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നും പിന്തുണക്കുന്നവർ അറിയിച്ചു. എന്നാൽ, ജനറൽ കൗൺസിൽ വീണ്ടും വിളിക്കാൻ തീരുമാനമില്ലെന്നാണ് പനീർസെൽവത്തെ പിന്തുക്കുന്നവർ പറയുന്നത്.
ജനറൽ കൗൺസിലിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് പനീർസെൽവം നൽകിയ ഹരജി മദ്രാസ് ഹൈകോടതി തള്ളിയിരുന്നു. രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. നേരത്തെ തീരുമാനിച്ച 23 ഇന അജണ്ട മാത്രമേ കൗൺസിൽ ചർച്ച ചെയ്യാൻ പാടുള്ളൂവെന്ന പനീർസെൽവത്തിന്റെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തില്ല. ഇതാണ് പാർട്ടിയെ വരുതിയിലാക്കാൻ പളനിസാമിക്ക് സഹായകരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.