അണ്ണാ ഡി.എം.കെയുടെ 'രണ്ടില' ചിഹ്നം ഇ.പി.എസ്-ഒ.പി.എസ് വിഭാഗത്തിന്
text_fieldsന്യൂഡൽഹി: അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ 'രണ്ടില' മുഖ്യമന്ത്രി ഇ. പളനിസ്വാമി-ഉപമുഖ്യമന്ത്രി ഒ. പന്നീർശെൽവം (ഇ.പി.എസ്-ഒ.പി.എസ്) വിഭാഗത്തിന് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. പാർട്ടിയുടെ പരമോന്നത സമിതിയായ ജനറൽ കൗൺസിലിൽ ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങളെ പിന്തുണക്കുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് കമീഷൻ അന്തിമ തീരുമാനം എടുത്തത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ജയലളിതയുടെ മരണശേഷം അണ്ണാഡി.എം.കെ വി.കെ. ശശികലയുടെയും ഒ. പന്നീർസെൽവത്തിെൻറയും നേതൃത്വത്തിൽ പിളർന്നപ്പോഴാണ് തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം മരവിപ്പിച്ചത്. ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും ലക്ഷക്കണക്കിനു സത്യവാങ്മൂലങ്ങൾ കമീഷനു മുമ്പാകെ സമർപ്പിച്ചിരുന്നു.
ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഇരുവിഭാഗത്തിനും മറ്റു ചിഹ്നങ്ങളാണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചത്. എടപ്പാടി കെ. പളനിസാമി നയിക്കുന്ന അമ്മ വിഭാഗവും ഒ. പന്നീർസെൽവം നേതൃത്വം നൽകുന്ന പുരട്ച്ചി തലൈവി അമ്മ വിഭാഗവും ലയിച്ചതോടെ സത്യവാങ്മൂലങ്ങൾ പിൻവലിക്കാൻ ഇരുവിഭാഗവും തയാറായി. എന്നാൽ, ദിനകരൻ പക്ഷം അവകാശവാദവുമായി രംഗത്തെത്തിയതോടെ വീണ്ടും തർക്കം ഉയർന്നു.
ഇതിനിടെ, അണ്ണാഡി.എം.കെയുടെ രണ്ടില ഏതു വിഭാഗത്തിനു അനുവദിക്കണമെന്നത് സംബന്ധിച്ച് വേഗത്തിൽ തീരുമാനം വേണമെന്ന് ചൂണ്ടിക്കാട്ടി അണ്ണാഡി.എം.കെ പ്രവർത്തകൻ രാം കുമാർ മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകി. ഹരജി പരിഗണിച്ച ഹൈകോടതിയുടെ മധുര ബെഞ്ച് ചിഹ്ന വിഷയത്തിൽ കഴിഞ്ഞ ഒക്ടോബർ 31നകം തീരുമാനമെടുക്കണമെന്ന് െതരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകുകയും ചെയ്തു.
എന്നാൽ, അണ്ണാഡി.എം.കെയിലെ പ്രശ്നമാണ് തീരുമാനം വൈകാൻ കാരണമെന്നും തങ്ങളുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ആണ് തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ ബോധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.