കർണാടക ബി.ജെ.പിയിൽ പാളയത്തിൽ പട; യെദിയൂരപ്പക്കെതിരെ ഗവർണർക്ക് പരാതി നൽകി മന്ത്രി ഈശ്വരപ്പ
text_fieldsബംഗളൂരു: കർണാടക ബി.ജെ.പിയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരായുള്ള മന്ത്രിമാരുടെ നീക്കം മറനീക്കി പുറത്ത്. ഏകാധിപത്യ രീതിയിലാണ് യെദിയൂരപ്പയുടെ ഭരണനിർവഹണമെന്നും ഗുരുതരമായ വീഴ്ചകളാണ് വരുത്തുന്നതെന്നും ആരോപിച്ച് മുതിർന്ന ബി.ജെ.പി നേതാവും ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ഗവർണർ വാജുഭായ് വാലക്ക് പരാതി നൽകി.
കർണാടക ബി.ജെ.പിയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങിനും പരാതി കൈമാറി. അഞ്ചു പേജുള്ള പരാതിയിൽ യെദിയൂരപ്പ ത െൻറ വകുപ്പിൽ അനാവശ്യമായ ഇടപെടലുകൾ നടത്തുന്നുവെന്നും ഫണ്ടുകൾ വകമാറ്റുകയാണെന്നും വകുപ്പ് മന്ത്രിയറിയാതെ ഗ്രാമീണ വികസന പഞ്ചായത്ത് രാജ് വകുപ്പിൽനിന്നും അനുയായികളായ എം.എൽ.എമാർക്ക് ഫണ്ടുകൾ അനുവദിക്കുകയാണെന്നും ഈശ്വരപ്പ ആരോപിച്ചു. യെദിയൂരപ്പ വരുത്തിയ വീഴ്ചകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും അറിയിച്ചിട്ടുണ്ടെന്നും ഈശ്വരപ്പ കത്തിൽ പറയുന്നുണ്ട്.
യെദിയൂരപ്പയുടെ നേതൃത്വത്തിനെതിരെ മന്ത്രിമാർക്കിടയിൽ തന്നെയുള്ള ഭിന്നത നാളുകളായി നിലനിൽക്കുന്നതാണെങ്കിലും ഇപ്പോഴാണത് പരാതിയായി പുറത്തുവരുന്നത്. നേരത്തെ യെദിയൂരപ്പയുടെ അടുത്ത അനുയായിയായിരുന്ന ഈശ്വരപ്പയാണിപ്പോൾ യെദിയൂരപ്പക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2020-21 ബജറ്റിൽ പ്രഖ്യാപിച്ച പ്രത്യേക പദ്ധതികൾക്ക് ഫണ്ടുകൾ അനുവദിച്ചിട്ടില്ലെന്നും ഏകപക്ഷീയമായാണ് യെദിയൂരപ്പ ഇടപെടൽ നടത്തുന്നതെന്നും ഈശ്വരപ്പ ആരോപിച്ചു. കഴിഞ്ഞ ഒന്നര വർഷമായി വകുപ്പ് മന്ത്രിയായ താൻ അറിയാതെ ധനകാര്യ വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രി ഗ്രാമീണ വികസന പഞ്ചായത്ത് രാജ് വകുപ്പിലെ തീരുമാനങ്ങൾ എടുക്കുകയാണെന്നും ബി.ജെ.പി സർക്കാരിലെ മുതിർന്ന മന്ത്രിയെന്ന നിലയിൽ ഇതേ ഏറേ വേദനിപ്പിക്കുന്നതാണെന്നും ഈശ്വരപ്പ കത്തിൽ പറയുന്നു.
20,000 കിലോമീറ്ററിലുള്ള ഗ്രാമീണ റോഡുകൾ വികസിപ്പിക്കാനായി ബജറ്റിൽ 780 കോടി വകയിരുത്തിയെങ്കിലും തുക അനുവദിക്കാൻ ധനകാര്യ വകുപ്പിന് കഴിഞ്ഞില്ല. ഇതോടെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ബജറ്റിൽ ഉൾപ്പെടാതെ 1,439.2 കോടിയാണ് പ്രത്യേക ഗ്രാൻറായി സർക്കാർ പലവഴിക്കായി അനുവദിച്ചത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ എം.എൽ.എമാർക്ക് മാത്രമാണ് അവരുടെ മണ്ഡലത്തിലേക്ക് ഇത്തരം പ്രത്യേക ഗ്രാൻറ് ലഭിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ മണ്ഡലങ്ങളിലേക്ക് ഗ്രാൻറ് ലഭിക്കുമ്പോൾ ഭരണകക്ഷി എം.എൽ.എമാരുടെ മണ്ഡലത്തിലേക്ക് ആവശ്യമായ തുക അനുവദിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. ഗ്രാമീണ വികസന വകുപ്പിൽ അനാവശ്യമായ ഇടപെടൽ നടത്തി മന്ത്രിസഭയിലെ അധികാര വികേന്ദ്രീകരണം ലംഘിക്കുകയാണ് മുഖ്യമന്ത്രിയെന്നും 774 കോടി രൂപ വകമാറ്റിയെന്നും ഈശ്വരപ്പ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.