ഇ.എസ്.ഐ പരിധി ഉയര്‍ത്തിയത് ജനുവരി മുതല്‍ പ്രാബല്യത്തില്‍
text_fieldsന്യൂഡല്‍ഹി: ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശമ്പള പരിധി 15,000ത്തില്‍ നിന്ന് 21,000 ആക്കി ഉയര്‍ത്തിയ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ തീരുമാനം ജനുവരി 1 മുതല്‍ നടപ്പാക്കും. കേരളത്തിലെ 12 ഇ.എസ്.ഐ ആശുപത്രികളിലും ഐ.സി.യു, ഡയാലിസിസ്, എക്സ്റേ, ഐ.സി.യു, ദന്തരോഗ വിഭാഗം തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാനും തീരുമാനമായി. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ നടന്ന ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
നിലവില്‍ കേരളത്തിലെ ഇ.എസ്.ഐ ആശുപത്രികളീല്‍ ഐ.സി.യു, ഡയാലിസിസ്, എക്സ്റേ, ഐ.സി.യു, ദന്തരോഗ വിഭാഗം തുടങ്ങിയ സൗകര്യങ്ങളില്ല. പി.പി.പി മാതൃകയിലാണ് കേരളത്തിലെ ആശുപത്രികളില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുക. ഇതിനുള്ള പ്രാരംഭ ചെലവ് ഇ.എസ്.ഐ കോര്‍പറേഷന്‍ നേരിട്ട് നല്‍കും. കേരളത്തിന് ലഭിക്കുന്ന ഇ.എസ്.ഐ വിഹിതം 172 കോടിയില്‍ നിന്ന് 240 കോടിയായി ഉയര്‍ത്താനും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിട്ടുണ്ടെന്ന് ബോര്‍ഡ് അംഗം കൂടിയായ ബി.എം്.എസ് പ്രതിനിധി വി. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ എട്ടുലക്ഷത്തോളം വരുന്ന ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ പ്രതിവര്‍ഷ ആളോഹരി തുക 2150 - നിന്ന് 3000 രൂപയായി ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തിനുള്ള മൊത്തം വിഹിതത്തിലും സമാനമായ വര്‍ധനയുണ്ടായത്.
ഇ.എസ്.ഐ. ആശുപത്രികളില്‍ ചിലത് ഇ.എസ്.ഐ കോര്‍പറേഷന്‍ നേരിട്ടും മറ്റു ചിലത് സംസ്ഥാന സര്‍ക്കാറിന്‍െറ തൊഴില്‍ വകുപ്പ് വഴിയുമാണ് നടത്തിവരുന്നത്. ഇ.എസ്.ഐയുടെ ഭാഗമായ പ്രൈമറി, സെക്കണ്ടറി ഹെല്‍ത്ത് സെന്‍ററുകളും സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. രണ്ട് തരത്തിലുള്ള ഭരണസംവിധാനം പലപ്പോഴും ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതിനും വികസന പദ്ധതികള്‍ വൈകിപ്പിക്കുന്നതിനും കാരണമാണ്. ഇതിന് പരിഹാരമെന്ന നിലക്ക് സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐ ആശുപത്രികളുടെ വികസനത്തിനായി ചീഫ് സെക്രട്ടറിയോ ലേബര്‍ സെക്രട്ടറിയോ അധ്യക്ഷനായ കമ്മറ്റി രൂപവത്കരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.