ന്യൂനപക്ഷത്തിന്‍റെ പിച്ചച്ചട്ടിയിൽ മോദി സർക്കാർ കൈയിട്ടുവാരുന്നു -ഇ.ടി മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: ക്ഷേമ പദ്ധതികൾ നിർത്തലാക്കി മോദി സർക്കാർ ന്യൂനപക്ഷങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുകയാണെന്ന് മുസ്‍ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീർ ലോക്സഭയിൽ കുറ്റപ്പെടുത്തി. പ്രത്യയശാസ്ത്രത്തിൽ വിയോജിപ്പുണ്ടെന്ന് കരുതി ക്ഷേമപദ്ധതികൾ പക്ഷപാതമാക്കരുതെന്നും ധനാഭ്യർഥന ചർച്ചയിൽ ഇ.ടി ബഷീർ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ പദ്ധതികൾ നടപ്പാക്കുന്നതിൽ തടസങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളോടുള്ള സർക്കാറിന്റെ നിഷേധാത്മക സമീപനം മൂലം കടുത്ത പ്രയാസങ്ങളിലേക്കാണ് ആ വിഭാഗം തള്ളപ്പെടുന്നത്. പ്രീമെട്രിക് സ്കോളർഷിപ്പും മൗലാന ആസാദ് ഫെലോഷിപ്പും പാർശ്വവൽകൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വളരെ പ്രയോജനപ്രദമായ പദ്ധതികളായിരുന്നു. പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുകയെന്ന ഒരു പ്രയോഗമുണ്ട് മലയാളത്തിൽ. അതാണ് ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ മോദി സർക്കാർ ഇപ്പോൾ ചെയ്യുന്നത്. ഇതിനെതിരെ തിങ്കളാഴ്ച സമരം നടത്തിയ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമൂഹിക നീതിക്കും ശാക്തീകരണത്തിനുള്ള പാർലമെന്ററി സ്ഥിരംസമിതി റിപ്പോർട്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സഭാതലത്തിൽ വെച്ചപ്പോൾ ചെലവിടാത്ത ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങളാണതിൽ. ന്യൂനപക്ഷ വകുപ്പ് ജീവിച്ചിരിപ്പുണ്ടോ അതോ മൃതിയടഞ്ഞോ എന്ന് ഈ റിപ്പോർട്ട് വായിച്ചാൽ തോന്നിപ്പോകും. ന്യൂനപക്ഷ ക്ഷേമപദ്ധതികളോട് തണുപ്പൻ സമീപനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബജറ്റ് വിഹിതം വിനിയോഗിക്കുന്നതിൽ പോലും ദയനീയമായി പരാജയപ്പെട്ടു.
സാമ്പത്തിക വർഷാവസാനം ബജറ്റ് വിഹിതം വിനിയോഗിക്കാതെ പാഴാക്കുകയാണ്. സർക്കാർ ജപിച്ചു കൊണ്ടിരിക്കുന്ന 'സബ്കാ സാഥ് സബ്കാ വികാസ്' മന്ത്രം അധരവ്യായാമം മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാറിന്റെ നയമാണ് ഈ പരാജയത്തിന് കാരണം. പ്രത്യയശാസ്ത്രത്തിൽ വിയോജിപ്പുകളുള്ളവരോട് കരുതി ക്ഷേമപദ്ധതികളിൽ പക്ഷപാതം കാണിക്കരുത്. അതവസാനിപ്പിച്ച് ന്യൂനപക്ഷങ്ങളോട് നീതി ചെയ്യണം.
ദേശീയ അഖണ്ഡതയും മതസൗഹാർദവും സാമാധാനപരമായ സഹവർതിത്വവും ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യസമര ചരിത്രം പോലും തിരുത്തി എഴുതി യുവതലമുറയുടെ മനസ് മലിനമാക്കുകയാണെന്നും ബഷീർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.