സംഘർഷാവസ്ഥ: മണിപ്പൂരിൽ പ്ലസ് ടു പരീക്ഷക്ക് വിദ്യാർഥികൾ കുറഞ്ഞു
text_fieldsഇംഫാൽ: മണിപ്പൂരിൽ തുടരുന്ന വംശീയ അക്രമങ്ങൾ വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വർഷം 12ാം ക്ലാസ് സ്റ്റേറ്റ് ബോർഡ് പരീക്ഷയെഴുതുന്നവരിൽ അയ്യായിരത്തോളം വിദ്യാർഥികളാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 120 കേന്ദ്രങ്ങളിലായി 36,000ത്തിലേറെ വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
എന്നാൽ, ഈ വർഷം ഇത് 31,000 ആയെന്ന് കൗൺസിൽ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് എക്സാംസ് (സി.ഒ.എച്ച്.എസ്.ഇ.എം) ചെയർമാൻ ടി. ഓജിത് സിങ് പറഞ്ഞു. പരീക്ഷ കേന്ദ്രങ്ങൾ 120ൽനിന്ന് 111ആയി കുറയുകയും ചെയ്തു. 114 കേന്ദ്രങ്ങൾ അനുവദിച്ചെങ്കിലും ക്രമസമാധാന നില മോശമായി തുടരുന്നതിനാൽ മൂന്ന് സ്കൂളുകളെ ഒഴിവാക്കുകയായിരുന്നു. ഈ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതേണ്ടവരെ മറ്റിടങ്ങളിലേക്ക് മാറ്റി.
അതിനിടെ, ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് സംഘർഷമുണ്ടായ ചുരാചാന്ദ്പൂരിൽ ഇന്റർനെറ്റ് വിലക്ക് ഫെബ്രുവരി 26 വരെ നീട്ടി. സാമൂഹിക ദ്രോഹികൾ പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ച് അക്രമം വ്യാപിപ്പിക്കുന്നത് തടയാനാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.
ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് ഇന്റർനെറ്റ് വിലക്ക് തുടരാൻ തീരുമാനിച്ചതെന്ന് ചീഫ് സെക്രട്ടറി വിനീത് ജോഷി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.