ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശം ആശങ്ക ഉയർത്തി യൂറോപ്യൻ പാർലമെൻററി സമിതി
text_fieldsന്യൂഡൽഹി: മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗങ്ങളെ ഉന്നംവെക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ മുന്നറിയിപ്പ് നൽകി യൂറോപ്യൻ പാർലമെൻറിെൻറ മനുഷ്യാവകാശ ഉപസമിതി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിജ്ഞ നിറവേറ്റാൻ തയാറാവണമെന്ന് സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
പൗരത്വ സമരത്തെ സർക്കാർ നേരിട്ട രീതി അനേകരുടെ ജീവൻ നഷ്ടപ്പെടാനും അന്യായ തടങ്കലിനും വഴിയൊരുക്കിയതായി സമിതി അധ്യക്ഷ മറിയ അരീന പ്രസ്താവനയിൽ പറഞ്ഞു. മാധ്യമ-മനുഷ്യാവകാശ പ്രവർത്തകരെ ഭീകരവാദ നിയമവും രാജ്യദ്രോഹ നിയമങ്ങളും ചുമത്തി തടവിലാക്കുന്ന നടപടിയെയും സമിതി വിമർശിച്ചു.
മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി പോലും പ്രവർത്തനം നിർത്താൻ നിർബന്ധിതമായ അവസ്ഥയാണ് രാജ്യത്ത്. ഈ വർഷം നടന്ന ഡൽഹി കലാപത്തിൽ പൊലീസും അക്രമകാരികൾക്കൊപ്പം ചേർന്ന് കുഴപ്പങ്ങൾ സൃഷ്ടിച്ചതു സംബന്ധിച്ച് കുറ്റമറ്റരീതിയിൽ സ്വതന്ത്ര അന്വേഷണം വേണം. ഇന്ത്യ ഉറപ്പുകൾ പ്രാവർത്തികമാക്കണമെന്നും യൂറോപ്യൻ യൂനിയൻ-ഇന്ത്യ മനുഷ്യാവകാശ സംവാദത്തിലൂന്നി യൂറോപ്യൻ യൂനിയൻ വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു.
പലരും ദലിതരെയും മുസ്ലിംകളെയും മനുഷ്യരായി കാണുന്നില്ല –രാഹുൽ
ന്യൂഡൽഹി: പല ഇന്ത്യക്കാരും ദലിതരെയും മുസ്ലിംകളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി ആവർത്തിച്ച് ബലാത്സംഗത്തിന് ഇരയായിട്ടും പൊലീസ് നിഷേധിക്കുന്നത് സംബന്ധിച്ച ബി.ബി.സി വാർത്ത ട്വിറ്ററിൽ പങ്കുെവച്ചാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
'പല ഇന്ത്യക്കാരും ദലിതരെയും മുസ്ലിംകളെയും ആദിവാസികളെയും മനുഷ്യരായി കാണുന്നില്ല എന്നതാണ് നാണിപ്പിക്കുന്ന സത്യം. ആരും ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് യു.പി മുഖ്യമന്ത്രിയും പൊലീസും പറയുന്നത്. കാരണം, പല ഇന്ത്യക്കാർക്കും അവൾ ആരുമല്ല' -രാഹുൽ പറഞ്ഞു. ഇന്ത്യയിലെ ജാതി സമ്പ്രദായം വിവരിച്ചാണ് ഹാഥറസ് ദലിത് പെൺകുട്ടി നേരിട്ട ക്രൂരത ബി.ബി.സി റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.