തെരുവുനായ്ക്കൾക്ക് ദയാവധം: അപേക്ഷ അടിയന്തരമായി കേൾക്കും
text_fieldsന്യൂഡൽഹി: കണ്ണൂരിൽ 11 വയസ്സുള്ള സംസാരശേഷിയില്ലാത്ത നിഹാലിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. പേ പിടിച്ചവയോ അത്യധികം അപകടകാരികളോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് അനുവദിക്കണമെന്ന കണ്ണൂർ ജില്ല പഞ്ചായത്തിന്റെ ആവശ്യം അടിയന്തരമായി പരിഗണിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇക്കാര്യത്തിൽ ജൂലൈ 12ന് വാദം കേൾക്കാമെന്ന് അറിയിച്ചു.
കണ്ണൂർ ജില്ല പഞ്ചായത്തിന്റെ അപേക്ഷയിൽ 12നകം മറുപടി സമർപ്പിക്കണമെന്നും തെരുവുനായ്ക്കളെ സംബന്ധിച്ച് സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസിലെ കക്ഷികൾക്ക് എതിർ സത്യവാങ്മൂലം നൽകാനുണ്ടെങ്കിൽ അത് ജൂലൈ ഏഴിനകം ചെയ്യണമെന്നും സുപ്രീംകോടതി ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ തന്നെ കേസ് മുഖവിലയ്ക്കെടുത്ത് എല്ലാ കക്ഷികൾക്കും എതിർസത്യവാങ്മൂലത്തിന് നോട്ടീസ് അയച്ച് വാദംകേൾക്കാനുള്ള തീയതിയും നിശ്ചയിച്ച് ഉത്തരവിറക്കുന്ന അപൂർവ നടപടിയാണ് ജില്ല പഞ്ചായത്തിന്റെ അപേക്ഷയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായത്.
കണ്ണൂർ ജില്ലയിലുടനീളം ഇവയുടെ ആക്രമണം വർധിച്ചിരിക്കുകയാണെന്നും പ്രധാനമായും കുട്ടികളാണ് ഇരയാകുന്നതെന്നും ജില്ല പഞ്ചായത്ത് ബോധിപ്പിച്ചു. ഓട്ടിസം ബാധിച്ച നിഹാലിനെ കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ്ക്കൾ കടിച്ചുകൊന്നതിന്റെയും സമാനമായ മറ്റൊരു ആക്രമണത്തിന്റെയും സംഭവങ്ങൾ പരാമർശിച്ച അഭിഭാഷകൻ, ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ കാണിക്കാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്ന് സുപ്രീംകോടതി വിലക്കി.
കുട്ടികൾക്കെതിരായ ആക്രമണം നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് വ്യക്തമാക്കി കേസ് അടിയന്തരമായി കേൾക്കാമെന്ന് കോടതി സമ്മതിക്കുകയും ചെയ്തു. തെരുവുനായ്ക്കളെ കൊല്ലാനുള്ള 2006ലെ കേരള ഹൈകോടതി വിധിക്കെതിരായ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത് ചൂണ്ടിക്കാട്ടി കേസ് കോടതിയിൽ കെട്ടിക്കിടക്കുകയാണെന്ന് ബെഞ്ച് പറഞ്ഞു.
അതേസമയം, കേരളത്തില്‍ തെരുവുനായ്ക്കളെ വ്യാപകമായി കൊല്ലുകയാണെന്ന് വാദിച്ച മൃഗസ്നേഹികൾക്കുവേണ്ടി ഹാജരായ അഭിഭാഷക ദയാവധത്തിനുള്ള ജില്ല പഞ്ചായത്തിന്റെ ആവശ്യത്തെ എതിർത്തു. ജില്ല പഞ്ചായത്തിനുവേണ്ടി അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കൃഷ്ണ എൽ.ആർ എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.