'ചില പോരാട്ടങ്ങൾ തോൽക്കാനുള്ളതാണ്'; ജമ്മു-കശ്മീർ വിധി വരുന്നതിന് തൊട്ടുമുമ്പ് കപിൽ സിബൽ
text_fieldsന്യൂഡൽഹി: ചില പോരാട്ടങ്ങൾ തോൽക്കാനുള്ളതാണ് എന്നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധി വരുന്നതിന് തൊട്ടുമുമ്പ് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്തത്. 2019ൽ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പരാതി നൽകിയവരുടെ അഭിഭാഷകനായിരുന്നു സിബൽ.
''ചില പോരാട്ടങ്ങൾ തോൽക്കാനുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ അസുഖകരമായ വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും.''-എന്നാണ് കപിൽ സിബൽ എഴുതിയത്.
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ചുകൊണ്ട് ഇന്ന് വിധിപറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.
പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതി വിധി പറഞ്ഞത്.
ജമ്മു-കശ്മീരിന് വേഗം സംസ്ഥാന പദവി തിരിച്ചുനൽകണമെന്നും എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതി. 2024 സെപ്റ്റംബർ 30നുള്ളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് കോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.