ബി.ജെ.പി പരിപാടിയിൽ മുദ്രാവാക്യം ‘കോൺഗ്രസ് പാർട്ടി കീ ജയ്’; നാണംകെട്ട് നേതാക്കളും അണികളും -VIDEO
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി പൊതുയോഗത്തിൽ ഉയർന്ന മുദ്രാവാക്യം വിളികേട്ട് ഞെട്ടിത്തരിച്ച് നേതാക്കൾ. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ പാർട്ടി പരിപാടിയിൽ കോൺഗ്രസ് പാർട്ടി കീ ജയ് എന്നാണ് മുദ്രാവാക്യം വിളിച്ചുനൽകിയത്.
രഥം പോലെ സജ്ജീകരിച്ച പ്രചാരണ വാഹനത്തിൽ നേതൃനിരയുടെ മധ്യത്തിൽ നിന്നയാളാണ് മൈക്കിൽ മുദ്രാവാക്യം വിളിച്ചു നൽകിയത്. ‘ബോലോ ഭാരത് മാതാ കീ ജയ്, കോൺഗ്രസ് പാർട്ടി കീ ജയ്’ എന്നായിരുന്നു ആവേശത്തോടെ പറഞ്ഞത്. അണികൾ ഇത് ഏറ്റുവിളിക്കുകയും ചെയ്തു. ചിലർ കൂവിവിളിച്ചതോടെയാണ് അബദ്ധം പിണഞ്ഞത് മനസ്സിലായത്. ഉടൻ ബി.ജെ.പിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച് നേതാവ് ‘മാനം കാത്തു’. കോൺഗ്രസ് ദേശീയ മീഡിയ കോർഡിനേറ്ററും ടെക് മേധാവിയുമായ പ്രശാന്ത് പ്രതാപ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
അതിനിടെ, നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 141 സീറ്റുമായി മികച്ച ഭൂരിപക്ഷം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു. 1978ൽ കർണാടകയിലെ വിജയം പാർട്ടിക്ക് ലോക്സഭയിലേക്ക് വാതിൽ തുറന്നതുപോലെയായിരിക്കും ഇത്തവണയും വിജയമെന്ന് ശിവകുമാർ പറഞ്ഞു.
കർണാടകക്കുവേണ്ടി ബി.ജെ.പിക്ക് ഒരു അജണ്ടയും കാഴ്ചപ്പാടുമില്ല. കർണാടകയിൽ ഇത്തവണ മോദി ഫാക്ടർ ഫലിക്കില്ല. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണ്. പാർട്ടിക്കകത്ത് ഭിന്നിപ്പുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉൾക്കൊള്ളുമെന്നും ശിവകുമാർ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.