കൂറുമാറിയവര്‍ക്കു പോലും തിരിച്ചു വരാമെന്ന് ശിവകുമാര്‍, പറ്റില്ലെന്ന് സിദ്ധരാമയ്യ; കര്‍ണാടകയില്‍ കോണ്‍ഗ്രസിലെ പോര് തീരുന്നില്ല
text_fieldsബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ ഇരുപക്ഷങ്ങള്‍ തമ്മിലുള്ള പോര് തുടരുന്നു. പാര്‍ട്ടിയെ വഞ്ചിച്ച് ബി.ജെ.പിക്ക് അനുകൂലമായി നിലകൊണ്ടവരെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിലപാട് തള്ളി കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ രംഗത്തെത്തി. കൂറുമാറിയ 17 പേര്‍ ഉള്‍പ്പെടെ ആര്‍ക്കു വേണമെങ്കിലും പാര്‍ട്ടിയില്‍ തിരികെയെത്താമെന്ന് ശിവകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം അംഗീകരിച്ചു കൊണ്ട് ആര്‍ക്കു വേണമെങ്കിലും കടന്നുവരാമെന്ന് ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ എത്താനായി അപേക്ഷ നല്‍കിയാല്‍ അത് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കും. പാര്‍ട്ടി വിട്ടുപോയവരുടെ കാര്യത്തില്‍ മാത്രമല്ല ഇത്. ആര്‍ക്കും അപേക്ഷിക്കാം. ബ്ലോക്ക്, ജില്ല, ലോക്കല്‍ തലങ്ങളില്‍ പരിശോധിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തീരുമാനമെടുക്കും -ശിവകുമാര്‍ പറഞ്ഞു.
എന്നാല്‍, പാര്‍ട്ടി വിട്ടവരെ കോണ്‍ഗ്രസില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാറുമായി ഇക്കാര്യം സംസാരിക്കും. ബി.ജെ.പിക്ക് അധികാരത്തിലേറാനായി കോണ്‍ഗ്രസ് വിട്ടവരെ പ്രളയം വന്നാലും ഭൂമി പിളര്‍ന്നാലും തിരിച്ചെടുക്കില്ലെന്ന് താന്‍ നിയമസഭയില്‍ വ്യക്തമാക്കിയതാണ്. അക്കാര്യത്തില്‍ മാറ്റമില്ല -സിദ്ധരാമയ്യ പറഞ്ഞു.
എന്നാല്‍, വ്യക്തിപരമായ അഭിപ്രായങ്ങളേക്കാള്‍ പ്രധാനം പാര്‍ട്ടിയുടെ താല്‍പര്യങ്ങളാണെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടുന്നു. വഞ്ചനയെന്നത് രാഷ്ട്രീയത്തില്‍ സാധാരണയാണ്. ഇത്തരം ധാരാളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതും പിന്നീട് തിരിച്ചെത്തുന്നതും രാഷ്ട്രീയത്തില്‍ പതിവാണ് -ശിവകുമാര്‍ പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന കാര്യത്തിലും കോണ്‍ഗ്രസില്‍ ഇപ്പോഴേ തര്‍ക്കം ആരംഭിച്ചിട്ടുണ്ട്. ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആകില്ലെന്ന് സിദ്ധരാമയ്യ പക്ഷം പ്രഖ്യാപിച്ചതോടെയാണ് സംഘടനാ പ്രശ്നങ്ങള്‍ പരസ്യ എറ്റുമുട്ടലായി മാറിയത്. മറുപടിയായി രാഹുല്‍ ഗാന്ധിയെ കണ്ട ഡി.കെ. ശിവകുമാര്‍ സിദ്ധരാമയ്യ പക്ഷത്തിനെതിരെ നടപടി വേണം എന്ന് ആവശ്യപ്പെട്ടു. 2023ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയാണ് ഇപ്പോഴേ അഭിപ്രായ ഭിന്നത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.