‘തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കൂ’: നീറ്റ് വിവാദത്തിൽ എൻ.ടി.എക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസിയെ (എൻ.ടി.എ) രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. എത്ര ചെറിയ വീഴ്ചയും പരിഹരിക്കപ്പെടണമെന്നും പരീക്ഷാ നടത്തിപ്പുകാരെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് വാദം കേൾക്കാനായി ജൂലൈ എട്ടിലേക്ക് മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, എസ്.വി.എൻ. ഭട്ടി എന്നിവരങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
“ആരുടെയെങ്കിലും ഭാഗത്തുനിന്ന് 0.001 ശതമാനം വീഴ്ചയുണ്ടായാൽ പോലും അത് പരിഹരിക്കപ്പെടണം. പരീക്ഷ നടത്തുന്ന ഏജൻസിയെന്ന നിലയിൽ നീതിപൂർവമായ രീതിയിൽ പ്രവർത്തിക്കാനുള്ള ബാധ്യത എൻ.ടി.എക്ക് ഉണ്ട്. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാൻ ഏജൻസി തയാറാകണം. തങ്ങൾ സ്വീകരിക്കാൻ പോകുന്ന തുടർ നടപടി എന്താണെന്നും ഏജൻസി വ്യക്തമാക്കണം. അത് നിങ്ങളുടെ പ്രവർത്തനത്തിൽ വിശ്വാസ്യത നിലനിർത്തുകയെങ്കിലും ചെയ്യും” -കോടതി പറഞ്ഞു.
പരീക്ഷയ്ക്ക് തയാറെടുക്കാനായി വിദ്യാർഥികൾ നീക്കിവെച്ച സമയത്തെയും അവരുടെ അധ്വാനത്തെയും ഏജൻസി മാനിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവേശന പരീക്ഷകളിൽ ഒന്നാണ് നീറ്റ്. ഭാവിയിൽ ഡോക്ടറാകാനുള്ള തയാറെടുപ്പിലേക്കുള്ള പരീക്ഷയാണിത്. അതിൽ കൃത്രിമം കാണിക്കുന്ന ഒരാൾ എത്രത്തോളം അധഃപതിച്ചയാളായിരിക്കും. കുട്ടികൾ നീറ്റിൽ മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്യുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തെ, ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർഥികളുടെ ഫലം റദ്ദാക്കി, വീണ്ടും പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് എൻ.ടി.എ സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ജൂൺ 23നായിരിക്കും പുനഃപരീക്ഷ. 30ന് ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയെഴുതാത്തവർക്ക് ഗ്രസ് മാർക്ക് ഒഴിവാക്കിയുള്ള സ്കോർ നൽകുമെന്നും ഏജൻസി പറഞ്ഞിരുന്നു.
മേയ് അഞ്ചിന് 24 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം ജൂൺ നാലിനാണ് പ്രസിദ്ധീകരിച്ചത്. 67 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെ ചോദ്യപേപ്പർ ചോർന്നെന്നും പരീക്ഷയിൽ ക്രമക്കേടുണ്ടായെന്നും വ്യാപക പരാതിയുയർന്നു. പരീക്ഷാ കേന്ദ്രത്തിൽ സമയം നഷ്ടമായെന്ന് കാണിച്ച് നിരവധിപേർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നു. തെറ്റായ ചോദ്യപേപ്പർ വിതരണം ചെയ്തു, കീറിയ ഒ.എം.ആർ ഷീറ്റ് നൽകി, ഷീറ്റുകൾ വിതരണം ചെയ്യാൻ വൈകി എന്നിങ്ങനെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
നീറ്റ് പരീക്ഷയിൽ ചിലയിടങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ സമ്മതിച്ചിരുന്നു. അന്വേഷണത്തിനിടയിൽ എൻ.ടി.എയിൽ നിന്ന് ചോദ്യപേപ്പറിന്‍റെ യഥാർഥ പകർപ്പ് ബിഹാർ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻ.ടി.എ ഇതുവരെ ചോദ്യപേപ്പറിന്‍റെ ഒറിജിനൽ കോപ്പി അയച്ചിട്ടില്ലെന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.