സ്ത്രീധനം ചോദിച്ചില്ലെങ്കിലും ക്രൂരതക്കുറ്റം ചുമത്താം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സ്ത്രീധനം നേരിട്ട് ആവശ്യപ്പെട്ടില്ല എന്നതുകൊണ്ട് ഭാര്യക്കെതിരായ ക്രൂരതക്കുറ്റത്തിൽനിന്ന് ഭർത്താവിനോ വീട്ടുകാർക്കോ ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീംകോടതി. ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഐ.പി.സി 498 എ പ്രകാരം ക്രൂരതക്കുറ്റം ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈകോടതി വിധിക്കെതിരെ ഭാര്യ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തുടർന്ന് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും 498 എ പ്രകാരമുള്ള ക്രൂരതക്കുറ്റം നിലനിൽക്കുമെന്ന് ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് 2024 ഡിസംബർ 12ന് വ്യക്തമാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളെ ഗാർഹിക പീഡനത്തിൽനിന്ന് സംരക്ഷിക്കാനായി 1983ൽ കൊണ്ടുവന്നതാണ് ഐ.പി.സി 498 എ വകുപ്പ്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമല്ല, വിവാഹിതരായ സ്ത്രീകളെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് പാർലമെന്റിലെ പ്രസ്താവന ഉദ്ധരിച്ച് ബെഞ്ച് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.