ഞാൻ മത്സരിച്ചില്ലെങ്കിൽ പോലും നന്ദിഗ്രാമിൽ മമത തോൽക്കും -സുവേന്ദു അധികാരി
text_fieldsകൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിൽ താൻ നന്ദിഗ്രാമിൽനിന്ന് മത്സരിച്ചാൽ മുഖ്യമന്ത്രി മമത ബാനർജി തോൽക്കുമെന്ന് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരി. സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ മമത ബാനർജി മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പരാമർശം.
ബി.ജെ.പി മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്താലും ഇല്ലെങ്കിലും നന്ദിഗ്രാമിൽ ഞാൻ മമതയെ പരാജയപ്പെടുത്തും. അത് തന്‍റെ ഉത്തരവാദിത്തമാണെന്നും സുേവന്ദു അധികാരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എം.എൽ.എയായിരുന്ന സുവേന്ദു അധികാരി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പിയിലെത്തിയത്. ഇതിനുപിന്നാലെ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത വ്യക്തമാക്കുകയായിരുന്നു.
എന്നാൽ, ബംഗാളിൽ സ്ഥാനാർഥികളെ ബി.ജെ.പി ഇതുവരെ തീരുമാനിച്ചിട്ടില്ല. മമത ബാനർജിക്കെതിരെ ബി.ജെ.പി സുവേന്ദു അധികാരിയെതന്നെ രംഗത്തിറക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ബംഗാൾ.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി തൃണമൂലിന്‍റെ മുഖ്യ എതിരാളികളായെത്തുന്നത്. 42 ലോക്സഭ സീറ്റുകളിൽ 18 എണ്ണത്തിലാണ് ബി.െജ.പി വിജയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ 200സീറ്റുകൾ നേടി മമത ബാനർജിയുടെ 10 വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് ബി.ജെ.പിയുടെ വാദം. മാർച്ച് നാലിന് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് പറഞ്ഞു.
ബംഗാളിൽ എട്ടു ഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 27ന് തുടങ്ങി ഏപ്രിൽ 29ന് അവസാനിക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.