‘പ്രതിപക്ഷം മുഴുവൻ മരിച്ചുവീണാലും....’, ബി.ജെ.പി പക്ഷപാതിത്വത്തിനെതിരെ ആഞ്ഞടിച്ച് ജയ ബച്ചൻ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ എം.പിമാരെ സസ്‍പെൻഡ് ചെയ്യുന്ന രാജ്യസഭ അധ്യക്ഷന്റെ നടപടിയിൽ കടുത്ത എതിർപ്പുമായി സമാജ്‍വാദി പാർട്ടി എം.പി കൂടിയായ നടി ജയ ബച്ചൻ. പ്രതിപക്ഷം മരിച്ചുവീണാൽ പോലും അവരുടെ നേരെ കാമറ തിരിക്കില്ലെന്ന് വാശി പിടിക്കുന്ന സൻസദ് ടി.വി, ചെയർമാന്റെ മുഖം മാത്രം കാണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
‘പ്രതിപക്ഷത്തെ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്യുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണ്. പ്രതിപക്ഷമില്ലെങ്കിൽ പിന്നെന്ത് ജനാധിപത്യം? പാർലമെന്റിൽ യെസ്, നോ എന്നീ രണ്ടു വശങ്ങളുമുള്ളപ്പോഴേ ജനാധിപത്യമാകൂ. ചില ആളുകളെ പുറത്താക്കുമെന്നും മറ്റു ചിലരെ പുറത്താക്കില്ലെന്നും നിങ്ങൾ തീരുമാനിക്കുന്നതിന്റെ മാനദണ്ഡമെന്താണ്?’ -ജയ രൂക്ഷമായി പ്രതികരിച്ചു. ജയയും സഭയിൽ ബാക്കിയായ രണ്ടു പ്രതിപക്ഷ എം.പിമാരും വാക്കൗട്ട് നടത്തിയശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ചത്.
‘എം.പിമാർ സഭയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിന്റെ മറവിലാണ് പ്രതിപക്ഷ ശബ്ദം അടിച്ചമർത്താനുള്ള നീക്കങ്ങൾ. സൻസദ് ടി.വി എപ്പോഴും രാജ്യസഭ ചെയർമാന്റെയും ബി.ജെ.പി മന്ത്രിമാരുടെയും മുഖം മാത്രമാണ് കാണിക്കുന്നത്. പ്രതിപക്ഷം മുഴുവൻ മരിച്ചുവീണാലും, എന്തുതന്നെ സംഭവിച്ചാലും അതൊന്നും അവർക്ക് പ്രശ്നമല്ല. അതൊന്നും സൻസദ് ടി.വിയിൽ കാണിക്കില്ല’ -പക്ഷപാതിത്വത്തിനെതിരെ ജയ ആഞ്ഞടിച്ചു.
ചൊവ്വാഴ്ച 49 പേരെക്കൂടി സസ്‍പെൻഡ് ചെയ്തതോടെ പാർലമെന്റിൽനിന്ന് സസ്‍പെൻഡ് ചെയ്യപ്പെട്ട എം.പിമാരുടെ എണ്ണം 141 ആയി. ഡിസംബർ 13ന് പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യമുന്നയിച്ചാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.