ആർ.ടി.പി.സി.ആർ നെഗറ്റിവായാലുംവിദഗ്ധർ സാക്ഷ്യപ്പെടുത്തിയാൽ പരീക്ഷയിൽ ഇളവുനൽകണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ മൂലം പരീക്ഷ എഴുതാനാവാത്ത വിദ്യാർഥികളുടെ കാര്യത്തിൽ ആർ.ടി.പി.സി.ആർ മാത്രമല്ല, ആരോഗ്യ വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തൽ കൂടി പരിഗണിച്ച് മാത്രമേ നടപടി സ്വീകരിക്കാവൂ എന്ന് സുപ്രീംകോടതി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അകൗണ്ടൻസ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ക്കെതിരെ ഒരു കൂട്ടം സി.എ വിദ്യാർഥികൾ സമർപ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിേൻറതാണ് സുപ്രധാന നിർദേശം. ആർ.ടി.പി.സി.ആറിൽ പോസിറ്റിവ് ഫലം ലഭിച്ചവർക്ക് മാത്രമേ പരീക്ഷയിൽ ഇളവ് നൽകാനാവൂവെന്നായിരുന്നു ഐ.സി.എ.ഐയുടെ നിലപാട്. ഇതിനെതിരെയാണ് വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിപ്പിച്ചത്.
ആർ.ടി.പി.സി.ആറിൽ നെഗറ്റിവ് ഫലം കാണിച്ചാലും കോവിഡാനന്തരമുള്ള ആരോഗ്യ പ്രശ്നങ്ങൾ മാസങ്ങൾ നീളുമെന്ന് കോടതി ചൂണ്ടിക്കാട്ടി.ആർ.ടി.പി.സി.ആറിനൊപ്പം വിദ്യാർഥിയുടെ ആരോഗ്യക്ഷമത സംബന്ധിച്ച് ഈ രംഗത്തെ വിദഗ്ധർ നൽകുന്ന സാക്ഷ്യപ്പെടുത്തൽ കൂടി പരിഗണിക്കണം. പഴയ സിലബസ് തെരഞ്ഞെടുത്തവർക്ക് അവസാന അവസരമായിരിക്കുമെന്നാണ് പരീക്ഷ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് സാഹചര്യത്തിൽ പരീക്ഷ എഴുതാനായില്ലെങ്കിൽ ഇവർക്ക് മറ്റൊരു ഓപ്ഷനിലേക്ക് മാറുന്നതിന് അവസരം നൽകുന്നത് പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, അനിരുദ്ധ് ബോസ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിർദേശിച്ചു. ജൂലൈ അഞ്ചിനു 20നും ഇടയിലാണ് സി.എ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.