കാവിക്കൊടി പാറിയിട്ടും ചർച്ച രാമക്ഷേത്രമല്ല
text_fields‘‘രാം മന്ദിർ യാഥാർഥ്യമായതോടെ യു.പിയിൽ ആ വിഷയം അവസാനിച്ചു. ഇനി അതേക്കുറിച്ചെന്ത് ചർച്ച ചെയ്യാനാണ്? ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളിൽ പോലും രാമക്ഷേത്രമില്ല. സുപ്രീംകോടതിയുടെ ഇലക്ടറൽ ബോണ്ട് വിധിയും പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തോടെയുള്ള അറസ്റ്റുമൊക്കെയാണ് ചർച്ച
ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായ ഉത്തർപ്രദേശിലും ബിഹാറിലുമുള്ള മണ്ഡലങ്ങളില്ലൊം രാമക്ഷേത്ര ഉദ്ഘാടന സമയത്ത് സ്ഥാപിച്ച, ശ്രീരാമ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികൾ ഇപ്പോഴും പറക്കുന്നുണ്ട്. കവലകളിലും ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലും നിറം മങ്ങി പറന്നിരുന്ന കൊടികൾ ഈയിടെ രാമനവമി ആഘോഷത്തിൽ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം രാമനവമിയുടെ പുത്തൻ കൊടിതോരണങ്ങളാണ്.
ബിജ്നോറിൽ നിന്നും നഗീനയിലേക്കുള്ള യാത്രയിൽ ഇത്തരമൊരു തോരണത്തിനു താഴെ നിന്ന് യു.പി വോട്ടറായ ആദിത്യ സിങ് പറയുകയാണ്, തങ്ങൾക്കിടയിൽ രാമക്ഷേത്രം ഒരു ചർച്ചയേ അല്ലെന്ന്.
രാമക്ഷേത്ര ഉദ്ഘാടനം അൽപം നേരത്തേയായിപ്പോയോ എന്ന് ബി.ജെ.പി പ്രവർത്തകർക്ക് തന്നെ ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
‘‘രാം മന്ദിർ യാഥാർഥ്യമായതോടെ യു.പിയിൽ ആ വിഷയം അവസാനിച്ചു. ഇനി അതേക്കുറിച്ചെന്ത് ചർച്ച ചെയ്യാനാണ്? ബി.ജെ.പി നേതാക്കളുടെ പ്രസംഗങ്ങളിൽ പോലും രാമക്ഷേത്രമില്ല. സുപ്രീംകോടതിയുടെ ഇലക്ടറൽ ബോണ്ട് വിധിയും പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തോടെയുള്ള അറസ്റ്റുമൊക്കെയാണ് ചർച്ച. ഇതോടെ രാമക്ഷേത്രം വിഷയമല്ലാതായി.
സുപ്രീംകോടതി വിധി മോദിയും ബി.ജെ.പിയും അഴിമതി ചെയ്തെന്ന ധാരണ പ്രവർത്തകരിൽ പോലുമുണ്ടാക്കി. രാഹുൽ ഗാന്ധി, ഇലക്ടറൽ ബോണ്ട് ജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ കുറച്ച് കൂടി ലളിതമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ മോദിയുടെയും ബി.ജെ.പിയുടെയും പ്രതിഛായ ഇതിലേറെ തകരുമായിരുന്നുവെന്നും സിങ് അഭിപ്രായപ്പെട്ടു.
ബി.ജെ.പി വോട്ട് ചോർത്തിയ രജ്പുത് മഹാപഞ്ചായത്തുകൾ
എന്തെല്ലാം വിഷയങ്ങളുണ്ടെങ്കിലും സ്ഥാനാർഥിയുടെ സ്വാധീനവും ജാതിയുമായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയെന്നും ആദിത്യ സിങ് പറയുന്നു. യു.പിയുടെയും രാജസ്ഥാന്റെയും വിവിധ ഭാഗങ്ങളിൽ മോദിക്കെതിരെ വോട്ടു ചെയ്യാൻ ആഹ്വാനംചെയ്ത് രജ്പുത്തുകൾ മഹാഞ്ചായത്തുകൾ വിളിച്ചുചേർത്തതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വോട്ടർമാർക്കിടയിൽ ചർച്ചയല്ലെങ്കിലും രാമക്ഷേത്രമല്ലാതെ മറ്റൊന്നും ഭരണനേട്ടമായി ബി.ജെ.പിയുടെ പക്കലില്ലായിരുന്നുവെന്നാണ് രണ്ടാം ഘട്ടത്തിൽ ഗാസിയാബാദ് ലോക്സഭ മണ്ഡലത്തിൽ വോട്ടുചെയ്ത അജ്മൽ മുഫീദ് പറഞ്ഞത്.
ഭരണവിരുദ്ധ വികാരം മൂലം സിറ്റിങ് എം.പി ജനറൽ വി.കെ സിങ്ങിനെ മാറ്റിയ മണ്ഡലത്തിൽ വീടുകൾ കയറിയിറങ്ങി ബി.ജെ.പി വിതരണം ചെയ്ത ലഘുലേഖയിൽ, രാമക്ഷേത്രം പണിത് രാമരാജ്യമാക്കിയ മോദിക്ക് വോട്ടു ചെയ്യാനാണ് അഭ്യർഥിച്ചത്. അതേ സമയം പരസ്യ പ്രചാരണത്തിലും ബൂത്ത് തല പ്രവർത്തനത്തിലും 2014ലെയും 2019ലെയും ആവേശമോ സാന്നിധ്യമോ ബി.ജെ.പി പ്രവർത്തകരിൽ കാണാനായില്ലെന്നും അജ്മൽ പറഞ്ഞു.
ധ്രുവീകരണം മറികടന്ന് സ്ഥാനാർഥി മികവ്
സ്ഥാനാർഥി മികച്ചതാണെങ്കിൽ രാമക്ഷേത്രം കൊണ്ടോ മോദിപ്രഭാവം കൊണ്ടോ എതിരിടാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ പൂർണിയ മണ്ഡലത്തിലെ വോട്ടറായ ഡോ. ദീൻ ദയാൽ യാദവ് അഭിപ്രായപ്പെടുന്നു. 2014ൽ മോദി സർക്കാർ അധികാരമേറ്റത് മുതൽ ബിഹാറിൽ ഹിന്ദു-മുസ്ലിം ധ്രുവീകരണം ശക്തമായി.
മുസ്ലിംകളുമായി സഖ്യത്തിലായിരുന്ന യാദവ വോട്ടുകൾ പോലും ബി.ജെ.പി ഇങ്ങനെ പിടിച്ചു. എന്നാൽ പപ്പു യാദവ് സ്ഥാനാർഥിയായി വന്നതോടെ പൂർണിയയിലെ സ്ഥിതി മാറി. മുസ്ലിംകളും യാദവരും മാത്രമല്ല, ബി.ജെ.പിയിലേക്ക് നീങ്ങിയ ദലിതുകളും യാദവ നേതാവിനെ ജയിപ്പിക്കാനിറങ്ങിയെന്ന് ദീൻ ദയാൽ യാദവ് പറഞ്ഞു.
ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘മുഖ്യ പുരോഹിതൻ’ ആക്കി പണി തീരാത്ത രാമക്ഷേത്രം ഉൽഘാടനം ചെയ്യിക്കുമ്പോൾ ആർ.എസ്.എസ് കണക്കുകൂട്ടിയത് ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയെ ‘ഹിന്ദു ഹൃദയ സമ്രാട്ട്’ ആയി അവതരിപ്പിക്കാമെന്നായിരുന്നു.
രാമക്ഷേത്രം ജനങ്ങൾക്കിടയിൽ മുഖ്യചർച്ചയാകുന്നതോടെ വിലക്കയറ്റവും തൊഴിലില്ലായ്മയുമെല്ലാം വിസ്മൃതിയിലാകുമെന്നും അതുകൊണ്ട് മാത്രം മോദിക്ക് അനായാസം മൂന്നാമൂഴത്തിലെത്താനാകുമെന്നും ആർ.എസ്.എസ് കരുതി. ആ നിലക്ക് തയാറാക്കിയ ലഘുലേഖകൾ ബി.ജെ.പി പ്രവർത്തകർ വീടുകളിലെത്തിക്കുമ്പോഴേക്കും പ്രചാരണ വിഷയങ്ങൾ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.