‘കാബിനറ്റിൽ അടുത്തിരുന്നാലും പുറത്തുവന്ന് ഛർദ്ദിക്കാൻ തോന്നും’; അജിത് പവാർ വിഭാഗത്തെ ആക്ഷേപിച്ച് ശിവസേന മന്ത്രി
text_fieldsമുംബൈ: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ ഭരണപക്ഷമായ മഹായുതി സഖ്യത്തിലെ ഭിന്നത പുറത്തുകാട്ടി ശിവസേന ഷിണ്ഡെ വിഭാഗം മന്ത്രിയുടെ പ്രസ്താവന. ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്ന സംഭവം പ്രതിപക്ഷമായ മഹാവികാസ് അഘാഡി ആയുധമാക്കുന്നതിൽ പ്രതിരോധത്തിലായതിനിടെയാണ് സ്വന്തം ക്യാമ്പിലെ അസ്വസ്ഥത രൂക്ഷമാക്കി മന്ത്രി താനാജി സാവന്തിന്റെ വാക്കുകളെത്തിയത്.
‘കാബിനറ്റിൽ നമ്മൾ അടുത്തിരുന്നാലും പുറത്തുവന്ന് ഛർദ്ദിക്കാൻ തോന്നും’ എന്നായിരുന്നു വ്യാഴാഴ്ച ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രിയുടെ വിവാദ പ്രസ്താവന. ഞാനിപ്പോഴും ഒരു കടുത്ത ശിവസൈനികനാണെന്നും എൻ.സി.പി നേതാക്കളുമായി ഒരിക്കലും ഇണങ്ങിയിട്ടില്ലെന്നും സാവന്ത് കൂട്ടിച്ചേർത്തിരുന്നു.
മന്ത്രിയുടെ പ്രസ്താവനക്കെതിരെ അജിത് പവാർ വിഭാഗം എൻ.സി.പി വക്താവും എം.എൽ.സിയുമായ അമോൽ മിത്കാരി രംഗത്തെത്തി. സാവന്തിന്റെ വാക്കുകളെ അപലപിച്ച അദ്ദേഹം, ദുർബലമായ സഖ്യം നിലനിർത്തേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയുടെ മാത്രം ഉത്തരവാദിത്തമാണോയെന്നും ചോദിച്ചു. സഖ്യത്തിലെ ധർമം കാത്തുസൂക്ഷിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ നിശബ്ദരായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാർ വിഭാഗം എൻ.സി.പിയെ മഹായുതി സഖ്യത്തിന് ഇനി ആവശ്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് സാവന്തിന്റെ പ്രസ്താവനയെന്ന് ശരദ് പവാർ വിഭാഗം എൻ.സി.പി വക്താവ് ൈക്ലഡെ ക്രാസ്റ്റൊ അഭിപ്രായപ്പെട്ടു. സഖ്യത്തിലെ ആഭ്യന്തര കലഹം ഇതോടെ പുറത്തുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.