'ബാഴ്സ വിടാൻ മെസ്സിക്കും താൽപര്യമില്ലായിരുന്നു'-ബി.ജെ.പി വിടാനുണ്ടായ കാരണം വിശദീകരിച്ച് ബാബുൽ സുപ്രിയോ
text_fieldsകൊൽക്കത്ത: അടുത്തിടെയാണ് മുൻകേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ സ്പോർട്സുമായി ബന്ധപ്പെട്ട വാക്കുകളിലൂടെ പലപ്പോഴും ബാബുൽ സുപ്രിയോ വിവരിക്കാറുണ്ട്. തന്നെ കൂടെ നിര്‍ത്തുകയും കളിക്കളത്തിലിറക്കുകയും ചെയ്യുന്ന ടീമിന്‍റെ ഭാഗമാകാനാണ് താല്‍പര്യമെന്ന് പാർട്ടി വിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് അദ്ദേഹം പറഞ്ഞു.
'ബാഴ്സലോണ വിടാന്‍ മെസ്സിക്കും താല്‍പര്യമില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കരഞ്ഞു. പക്ഷേ താരം പി.എസ്.ജിയിലേക്ക് പോയി. എന്നു കരുതി തന്‍റെ പഴയ ടീമിനെതിരെ താരം ഗോളടിക്കാതിരിക്കുമോ. അല്ലെങ്കിൽ തന്നെ ട്രാൻസ്ഫർ ചെയ്ത തന്‍റെ മുൻ ടീമിനോട് വിശ്വസ്തനായിരിക്കാനായി ഗോൾ പോസ്റ്റിന് മുന്നിൽ ഒന്നുംചെയ്യാതെ നിൽക്കുമോ'- സുപ്രിയോ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെ ചോദിച്ചു.
ബംഗാൾ ബി.ജെ.പിയിലെ തലമാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ഗായകൻ കൂടിയായ ബാബുൽ സുപ്രിയോ തയാറായില്ല. 'ഇപ്പോൾ ഞാൻ തൃണമൂലിനൊപ്പമാണ്. അത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ പറയുകയാണെങ്കില്‍ ദിലീപ് ഘോഷ് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. എന്നാൽ അേദഹത്തിന്റെ സംസാരം ബംഗാൾ ജനത അത്ര നല്ല രീതിയിലല്ല എടുത്തത്' -സുപ്രിയോ പറഞ്ഞു.
ദിലീപ് ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം അധ്യക്ഷനായി സുകാന്ത മജൂംദാറിനെ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി നിയമിച്ചത്. ദിലീപ് ഘോഷിന് ദേശീയ ഉപാധ്യക്ഷ സ്ഥാനം നൽകി.
ഉത്തര ബംഗാളിൽ പാർട്ടിക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മജൂംദാറിന് നറുക്ക് വീഴാൻ കാരണം. ദക്ഷിണ ബംഗാളിൽ നിന്നുള്ള പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കൊപ്പം വടക്കൻ ബംഗാളിൽ നിന്നുള്ള മജുംദാർ കൂടി ചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാനത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
സംസ്ഥാനത്ത് താലിബാനിസമാണ് നടക്കുന്നതെന്ന മജൂംദാറിന്‍റെ പ്രസ്താവനയോടും സുപ്രിയോ പ്രതികരിച്ചു. 'താലിബാന്‍ എന്നത് വളരെ മോശമായ ഒരു മാനസികാവസ്ഥയുടെ പേരാണ്. ആകസ്മികമായി പോലും ആ വാക്ക് ഉച്ചരിക്കാന്‍ പാടില്ല' -ബാബുൽ സുപ്രിയോ പറഞ്ഞു.
ഏഴ് വർഷത്തെ ബി.ജെ.പി പ്രവർത്തന കാലയളവിൽ താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബോളുവുഡ് ഗായകനെന്ന ഇമേജാണ് തന്നെ അസൻസോളിൽ നിന്ന് 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതെങ്കിൽ പൊതുപ്രവർത്തന മികവാണ് 2019ൽ വിജയം ആവർത്തിക്കാൻ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈയിലെ കേന്ദ്ര മന്ത്രിസഭ പുന:സംഘനയിൽ സ്ഥാനം നഷ്ടമായതോടെ ബാബുൽ സുപ്രിയോ നിരാശനായിരുന്നു. ആദ്യം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം വൈകാതെ ടി.എം.സി പാളയത്തിൽ എത്തപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.