പഠിക്കാനായി പേരും രാജ്യവും വരെ മാറി; തസ്മിദയുടേത് ഒരു അഭയാർഥിയുടെ അതിജീവനത്തിന്റെ കഥ
text_fieldsപഠനത്തിനായി ഒരു റോഹിങ്ക്യൻ അഭയാർഥി പെൺകുട്ടി നടത്തിയ ദീർഘയാത്രകളുടെയും അതിജീവനത്തിന്റെയും കഥയാണ് തസ്മിദ ജോഹർ എന്ന 26കാരിയുടേത്. അതിനിടയിൽ അവൾക്ക് സ്വന്തം പേരും രാജ്യവും ഭാഷയുമെല്ലാം മാറേണ്ടി വന്നു. മ്യാന്മറിൽനിന്ന് പീഡനം സഹിക്കവയ്യാതെ അവളുടെ കുടുംബം എത്തിയത് ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ്. അവിടെനിന്നാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വൺവേ ടിക്കറ്റ് വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് പഠനമെന്ന സ്വപ്നവുമായി ഇന്ത്യയിലെത്തിയത്.
2022 ഡിസംബറിൽ തസ്മിദ ഇന്ത്യയിലെ ആദ്യ റോഹിങ്ക്യൻ ബിരുദധാരിയായി. ഡൽഹി സർവകലാശാലക്ക് കീഴിലെ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്നായിരുന്നു ഡിഗ്രി പൂർത്തിയാക്കിയത്. ഉന്നത പഠനത്തിനായി കാനഡയിലെ ടൊറന്റോയിലുള്ള വിൽഫ്രിഡ് ലോറിയർ സർവകലാശാലയിൽ പോകാൻ അനുമതി പത്രത്തിന് കാത്തിരിക്കുകയാണിപ്പോൾ.
‘‘തന്റെ യഥാർഥ പേര് തസ്മീൻ ഫാത്തിമ എന്നാണ്. എന്നാൽ, മ്യാന്മറിൽ പഠിക്കാൻ ഒരു ബുദ്ധിസ്റ്റ് പേര് ആവശ്യമായിരുന്നു. അതിനാൽ പേര് സ്വയം മാറ്റുകയായിരുന്നു. സ്കൂളിൽ പ്രത്യേക ക്ലാസ് മുറികളും പരീക്ഷ ഹാളുമായിരുന്നു. ഏറ്റവും അകലെയുള്ള ബെഞ്ചുകളിലായിരുന്നു ഇരിപ്പിടം. സ്കൂളിലോ പൊതു ഇടങ്ങളിലോ ശിരോവസ്ത്രം ധരിക്കാൻ അവകാശമില്ലാത്തതിനാൽ അഞ്ചാം ക്ലാസോടെ പലരും പഠനം നിർത്തും. റോഹിങ്ക്യകൾക്ക് കോളജിൽ പോകണമെങ്കിൽ യങ്കൂണിൽ പോകേണ്ടിയിരുന്നു. അതിനാൽ, വിദ്യാർഥികൾ അപൂർവമായാണ് ബിരുദം നേടിയിരുന്നത്. എന്നാൽ, ബിരുദധാരിയാണെങ്കിലും സർക്കാർ ഓഫിസുകളിൽ ജോലി ലഭിക്കുമായിരുന്നുല്ല. വോട്ട് ചെയ്യാനും അവകാശമുണ്ടായിരുന്നില്ല’’, തസ്മിദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മാതാപിതാക്കളുടെ ഏഴ് മക്കളിൽ ഏക പെൺകുട്ടിയാണ് തസ്മിദ. മൂത്ത സഹോദരനാണ് ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യയിലെ ഏക റോഹിങ്ക്യൻ. അദ്ദേഹം ന്യൂഡൽഹിയിൽ യു.എൻ.എച്ച്.സി.ആറിൽ ആരോഗ്യ പ്രവർത്തകനായും ട്രാൻസ്ലേറ്ററായും പ്രവർത്തിക്കുകയാണ്.
തസ്മിദക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് കുടുംബം മ്യാന്മർ വിടുന്നത്. പലതവണ പിതാവിനെ പൊലീസ് പിടികൂടുകയും ജയിലിലടക്കുകയും ചെയ്തു. മ്യാന്മറിൽ സാഹചര്യം മാറുമെന്നും തിരിച്ചുപോകാനാകുമെന്നുമാണ് അദ്ദേഹം എപ്പോഴും പ്രതീക്ഷ വെക്കുന്നത്. ആറാം ക്ലാസ് വരെ തസ്മിദ പഠിച്ചത് ബംഗ്ലാദേശിലാണ്. 2012ലാണ് കുടുംബം ഇന്ത്യയിലെത്തുന്നത്. ശേഷം പുതിയ സംസ്കാരവുമായും ഭാഷകളുമായുമെല്ലാം അവൾ ചങ്ങാത്തത്തിലായി. ഇപ്പോൾ ഹിന്ദിയും ബംഗാളിയും ഉർദുവും ഇംഗ്ലീഷുമെല്ലാം ഒഴുക്കോടെ പറയും. ഒരു അഭിഭാഷകയാവുകയെന്നതാണ് സ്വപ്നം. ജാമിഅയിൽ ബിരുദത്തിന് അപേക്ഷിച്ചെങ്കിലും റോഹിങ്ക്യ ആയതിനാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നായിരുന്നു നിബന്ധന. പലതവണ അതിന് ശ്രമിച്ചിട്ടും ലഭിക്കാത്തതിനാൽ ഓപൺ സ്കൂൾ വിദ്യാഭ്യാസം തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് യു.എൻ.എച്ച്.സി.ആറിന്റെയും ഒരു പഠന ആപിന്റെയും സംയുക്ത പദ്ധതിയിൽ വിദേശ പഠനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
തുർക്കിയയിലെ ഭൂകമ്പത്തിന്റെ ദൃശ്യങ്ങൾ മാതാവ് ആമിന ഖാത്തൂനെ കാണിച്ചപ്പോൾ തന്റെ സ്വർണവളകളിലൊന്ന് വിറ്റുകിട്ടിയ 65000 രൂപ കൊണ്ട് വസ്ത്രങ്ങളും ഡ്രൈ ഫ്രൂട്ട്സുമെല്ലാം വാങ്ങി ന്യൂഡൽഹിയിലെ തുർക്കി എംബസിയെ ഏൽപിച്ച് നിസ്സഹായരോട് ഐക്യപ്പെട്ടതിന്റെ അനുഭവവും തസ്മിദ പങ്കുവെക്കുന്നു. നിരവധി റോഹിങ്ക്യൻ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്ന തസ്മിദ എല്ലാ അഭയാർഥി കുട്ടികൾക്കും ഇന്നൊരു മാതൃക കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.