കോൺഗ്രസിന് എന്നെ ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ട് -ശശി തരൂർ
text_fieldsതിരുവനന്തപുരം: കോൺഗ്രസിന് തന്നെ വേണ്ടെങ്കിൽ മുന്നിൽ മറ്റുവഴികളുണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ശശി തരൂർ എം.പി. പിണറായി സർക്കാറിനെ പ്രകീർത്തിച്ച് ലേഖനമെഴുതിയതിലും നരേന്ദ്ര മോദി - ട്രംപ് കൂടിക്കാഴ്ചയെ അഭിനന്ദിച്ച് രംഗത്തുവന്നതിലും കോൺഗ്രസ് നേതൃത്വത്തിന്‍റെ അതൃപ്തി നിലനിൽക്കെയാണ് പ്രവർത്തക സമിതിയംഗം കൂടിയായ തരൂരിന്‍റെ കടുത്ത പരാമർശങ്ങൾ. കോൺഗ്രസ് അടിത്തറ വിപുലീകരിക്കാൻ ശ്രമിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാംതവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നും കേരളത്തിലെ കോൺഗ്രസിൽ നേതാവിന്റെ അഭാവമുണ്ടെന്നും ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ പറഞ്ഞു. ഹൈകമാൻഡിനെയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെയും ഒരുപോലെ വെല്ലുവിളിച്ച് സംസാരിക്കുന്ന തരൂർ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള താൽപര്യവും അഭിമുഖത്തിൽ പറയാതെ പറയുന്നുണ്ട്.
അതേസമയം, പാർട്ടി മാറ്റുന്നതിനെക്കുറിച്ച് താൻ ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ അഭിമുഖത്തിൽ ശശി തരൂർ തള്ളി. അഭിമുഖം വിവാദമായതിനു പിന്നാലെ, അതിനെക്കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. കേരളത്തിൽ കോൺഗ്രസിന് നേതാവില്ലെന്ന തരൂരിന്‍റെ പരസ്യപ്രതികരണം തന്നെ അവഗണിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കം സംസ്ഥാന നേതൃത്വത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണ്. എന്നാൽ, വി.ഡി. സതീശൻ തരൂരിന്‍റെ ആക്ഷേപത്തിന് മറുപടി പറഞ്ഞില്ല. തരൂരിനെ അവഗണിച്ചുമുന്നോട്ടുപോകാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കെ, അടങ്ങിയിരിക്കാൻ ഒരുക്കമല്ലെന്നാണ് തുറന്നടിയിലൂടെ തരൂർ വ്യക്തമാക്കുന്നത്.
അതേസമയം, തരൂരിന് മുന്നിൽ പാർട്ടിയുടെ വാതിൽ തുറന്നിടുകയാണ് സി.പി.എം. കോൺഗ്രസ് വിട്ടാൽ തരൂർ അനാഥമാകില്ലെന്ന് ഇ.പി. ജയരാജൻ, തോമസ് ഐസക് എന്നിവർ കണ്ണൂരിൽ പറഞ്ഞു. ശശി തരൂരിന്‍റെ അഭിമുഖത്തോട് കടുപ്പിച്ചാണ് മുസ്ലിം ലീഗ് പ്രതികരിച്ചത്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും ഇരുവരും പറഞ്ഞു. തരൂരിനോട് പ്രതികരിച്ച കോൺഗ്രസ് നേതാക്കൾ കരുതലോടെയാണ് സംസാരിച്ചത്. കോൺഗ്രസിലുള്ളത് കൊച്ചുകൊച്ചു പ്രശ്നങ്ങളാണെന്നും അതു പരിഹരിച്ചുപോകുമെന്നും ഐ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു. മൂന്നാം പിണറായി സർക്കാർ വരുമെന്ന് പറയുന്നത് ചില രാജദാസന്മാരാണെന്നും തരൂരിന്‍റെ പേരുപറയാതെ വേണുഗോപാൽ പരിഹസിച്ചു.
തരൂരിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നാണ് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍റെ പ്രതികരണം. തരൂരിന്‍റേതായി വന്ന അഭിമുഖം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പുള്ളതാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തല, തരൂരിനെ പാർട്ടിക്ക് ആവശ്യമുള്ളതിനാലാണ് നാലു തവണ എം.പിയും കേന്ദ്രമന്ത്രിയുമൊക്കെ ആക്കിയതെന്ന് വ്യക്തമാക്കി. ഒരു കാലത്തും കോൺഗ്രസിൽ നേതൃക്ഷാമം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ കെ. മുരളീധരൻ ശശി തരൂരിന്‍റെ മനസ്സിൽ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിച്ച് കൂടെ നിർത്തണമെന്ന് അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.