'രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണ്; ആയിരക്കണക്കിന് വർഷങ്ങളായി അവർ വിവേചനം നേരിടുന്നു' -രാഹുൽ ഗാന്ധി
text_fieldsരാഹുൽ ഗാന്ധി
റായ്ബറേലി: രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റായ്ബറേലിയിൽ ദലിത് വിദ്യാർഥികളോട് സംവദിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് എം.പി.
ആയിരക്കണക്കിന് വർഷങ്ങളായി ദളിതർ വിവേചനം നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർ ഭരണഘടന തയാറാക്കുമ്പോൾ വിവേചനം മനസിൽ വെച്ചിരുന്നു. ഭരണഘടനയിലൂടെ അദ്ദേഹം ദലിതർക്ക് അധികാരം നൽകിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
'രാജ്യത്തെ മഹത്തായ വ്യക്തികളുടെ ചിന്തകളും ആശയങ്ങളും നമ്മുടെ സംസ്‌കാരവും ഭരണഘടനയിലുണ്ട്. ഭരണഘടനയുടെ ശബ്ദം ഇന്ന് അടിച്ചമർത്തപ്പെടുകയാണ്. ജനസംഖ്യയുടെ 15 ശതമാനവും ദളിതരാണെങ്കിലും രാജ്യത്തെ മുൻനിര കമ്പനികളുടെ സി.ഇ.ഒയും ഉടമകളും ആ അനുപാതത്തിലല്ല’’ -അദ്ദേഹം പറഞ്ഞു.
ദലിതർ പുരോഗമിക്കാൻ ആഗ്രഹിക്കാത്ത ഒരു സംവിധാനം ഇവിടെയുണ്ട്. ഈ സിസ്റ്റം എല്ലാ ദിവസവും ദലിതരെ ആക്രമിക്കുന്നു. ദലിതർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യക്ക് ഭരണഘടന ലഭിക്കില്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് രാഹുൽ പറഞ്ഞു. ഭരണഘടനയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുൽ പറഞ്ഞു. ദളിതർ വിദ്യാസമ്പന്നരും സംഘടിതരും ആയിരിക്കണമെന്ന് അംബേദ്കർ ആഗ്രഹിച്ചിരുന്നെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.