പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നു
text_fieldsന്യൂഡല്‍ഹി: രണ്ടുവര്‍ഷത്തിനിടെ 465 കുട്ടികള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റതായി കണ്ണൂർ ജില്ല പഞ്ചായത്തിന്റെ സത്യവാങ്മൂലം. സമീപകാലത്ത് പ്രതിദിനം 30 കുട്ടികള്‍ക്ക് തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.
കണ്ണൂര്‍ ജില്ല പഞ്ചായത്ത് പരിധിയില്‍ 23,666 തെരുവുനായ്ക്കളുണ്ട്. തെരുവുനായ്ക്കളുടെ കടിയേറ്റ കുട്ടികളില്‍ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ കൊല്ലപ്പെട്ടതും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തദ്ദേശസ്ഥാപന മേധാവി, പൊതു ആരോഗ്യ വകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധി എന്നിവർ അടങ്ങുന്ന മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും ജില്ല പഞ്ചായത്ത് നിർദേശമായി നൽകി.
കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നത്തിൽ ശാശ്വത പരിഹാരം വേണമെന്ന് ജൂലൈയിൽ കേസ് പരിഗണിക്കവേ സുപ്രീംകോടതി വാക്കാൽ പരാമർശിച്ചിരുന്നു. എ.ബി.സി ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്നാണ് കേസിൽ കക്ഷിചേർന്ന മൃഗസ്നേഹികളുടെ സംഘടനകളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.