എല്ലാ മൊബൈൽ ഉപയോക്താക്കളും ബ്രോഡ്കാസ്റ്റർമാർ; വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ട് -കേന്ദ്രമന്ത്രി മുരുകൻ
text_fieldsന്യൂഡൽഹി: ഓരോ മൊബൈൽ ഉപഭോക്താവും ഉള്ളടക്ക നിർമാതാവും ബ്രോഡ്കാസ്റ്ററുമാണെന്നും അവർ പങ്കിടുന്ന വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പാക്കാനുള്ള ധാർമിക ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി എൽ. മുരുകൻ.
‘ഇന്ത്യാ മൊബൈൽ കോൺഗ്രസി’ന്‍റെ ഭാഗമായി ‘പ്രക്ഷേപണ മേഖലയിലെ ഉയർന്നുവരുന്ന പ്രവണതകളും സാങ്കേതികവിദ്യകളും’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. ഉള്ളടക്കമാണ് ഉയർന്നുവരുന്ന പ്രക്ഷേപണ വിപ്ലവത്തിന്റെ ‘ഹീറോ’. നല്ല നിലവാരമുള്ള ഉള്ളടക്കം നൽകുന്ന ഏതൊരാളും വിജയിക്കും. ഒരു വ്യക്തി വാർത്തയോ വിവരമോ പ്രസിദ്ധീകരിക്കുമ്പോൾ അത് ആധികാരികമാക്കുകയും പരിശോധിച്ചുറപ്പിക്കുകയും ചെയ്യേണ്ടത് അയാളുടെ ബാധ്യതയാണെന്നും മുരുകൻ പറഞ്ഞു.
‘ഈ വാർത്ത ആരുടെയെങ്കിലും വ്യക്തിജീവിതത്തെ ബാധിക്കുമോ, രാജ്യത്തിന് എതിരാണോ എന്നൊക്കെ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് ഓരോ മൊബൈൽ ഉപയോക്താവും ബ്രോഡ്കാസ്റ്ററും അലോചിക്കണം. അതിനുള്ള സാമൂഹിക -ധാർമിക ഉത്തരവാദിത്തം ഓരോരുത്തർക്കും ഉണ്ടെന്നും അതിനെ ശ്രദ്ധാപൂർവ്വം കാണണമെന്നും മന്ത്രി പറഞ്ഞു.
ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്, എക്‌സ്‌റ്റൻഡഡ് റിയാലിറ്റി മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ തന്നെ ചിത്രീകരണം നടത്താൻ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് മുംബൈയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസ് സ്ഥാപിക്കുന്നതിന് സർക്കാർ അടുത്തിടെ അംഗീകാരം നൽകിയതായി അദ്ദേഹം പറഞ്ഞു. എ.വി.ജി.സി-എക്‌സ്.ആർ മേഖലയിൽ കാര്യമായ വളർച്ച പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.