ചീറ്റകളെ കാണാന്‍ എല്ലാവരും അവസരം ചോദിക്കുന്നു, പേരിടാൻ പൊതുജനങ്ങൾക്കായി മത്സരം സംഘടിപ്പിക്കും -പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളുടെ തിരിച്ചുവരവില്‍ രാജ്യത്തെ ജനങ്ങള്‍ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മൻ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും ചോദിക്കുന്നത് ചീറ്റകളെ കാണാന്‍ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ്. അവയെ നിരീക്ഷിക്കാനും ഇവിടുത്തെ പരിസ്ഥിതിയുമായി എത്രമാത്രം ഇണങ്ങാൻ കഴിഞ്ഞുവെന്ന് നോക്കാനും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു തീരുമാനം എടുക്കും. തുടർന്ന് നിങ്ങൾക്ക് ചീറ്റകളെ കാണാം. ഈ മാസത്തെ മൻ കി ബാത്തിന് ലഭിച്ച ധാരാളം നിർദേശങ്ങൾ ചീറ്റകളെക്കുറിച്ചാണ്. ചീറ്റപ്പുലികളെ കുറിച്ചുള്ള പ്രചാരണത്തിനും അവക്ക് പേരിടാനും പൊതുജനങ്ങള്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നമീബിയ എന്ന ആഫ്രിക്കൻ രാജ്യത്തുനിന്നാണ് എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ പാൽപൂർ ദേശീയോദ്യാന (കെ.എൻ.പി) സംരക്ഷിത വനമേഖലയിലെത്തിച്ചത്. അഞ്ച് പെണ്ണും മൂന്ന് ആണുമടങ്ങുന്ന ചീറ്റകൾ ആറ് ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക കരുതൽ മേഖലയിലാണ് കഴിയുന്നത്. ഇന്ത്യൻ പരിസ്ഥിതിയുമായി ശരിക്കും ഇണങ്ങുന്നുണ്ടോ എന്ന് നോക്കിയശേഷം അവയെ 5000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനത്തിലേക്ക് വിടും. വൈകാതെ മറ്റൊരു കൂട്ടം ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽനിന്ന് വരുമെന്നും 40 ചീറ്റകൾ വരെ ഇന്ത്യയിൽ കുടിയേറ്റപ്പെടുമെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ 1952ൽ വംശനാശം സംഭവിച്ച ജീവിവർഗമായ ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ച് സംരക്ഷിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതി. ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള പദ്ധതികൾ ഏറെക്കാലമായി ആസൂത്രണം ചെയ്തുവരുന്നുണ്ടെങ്കിലും യാഥാർഥ്യമായിരുന്നില്ല.
2009ൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ചീറ്റയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. അമിതമായ വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും കാരണം ഇന്ത്യയിൽനിന്ന് പൂർണമായും തുടച്ചുനീക്കപ്പെട്ട ഒരേയൊരു വലിയ മാംസഭോജിയാണ് ചീറ്റ. ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സാധ്യതയുള്ള സ്ഥലമായി കുനോ പാൽപൂരിനെ അംഗീകരിച്ച് സുപ്രീം കോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.