'ആരാണ് അവരുടെ ലക്ഷ്യമെന്ന് എല്ലാവർക്കുമറിയാം'; ജനസംഖ്യാ നിയന്ത്രണ നിയമത്തിനെതിരേ ശശിതരൂർ എം.പി
text_fieldsന്യൂഡൽഹി: ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനിയന്ത്രണ നിയമങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ ശശിതരൂർ എം.പി. നിയമം കൊണ്ടുവരുന്നവരുടെ ലക്ഷ്യം ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും രാഷ്ട്രീയ പ്രേരിതമായ നീക്കം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ജനസംഖ്യാ വർധനവ് ഉൾപ്പെടുന്നില്ല. അടുത്ത 20 വർഷത്തിനുള്ളിലും ഇത്തരമൊരു പ്രശ്നം രാജ്യത്ത് ഉണ്ടാകാൻ പോകുന്നില്ല. മറിച്ച് വയോധികരരുടെ എണ്ണം വർധിക്കുന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടാനാണ് ഭരണകക്ഷി ഈ വിഷയം ഉന്നയിക്കുന്നത്. ജനസംഖ്യ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ സംസാരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ യുപി, അസം, ലക്ഷദ്വീപ് എന്നിവയാണെന്നത് യാദൃശ്ചികമല്ല. അവിടെ അവർ ലക്ഷ്യംവെയ്ക്കുന്നത് ആരെയാണെന്ന് എല്ലാവർക്കും അറിയാം'- എംപി പറഞ്ഞു.'ഹിന്ദുത്വ വാദികൾ ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് ശരിക്കും പഠിച്ചിട്ടില്ല. അവരുടെ ലക്ഷ്യം രാഷ്ട്രീയവും സാമുദായികവുമാണ്'-യുപിയിലും ആസാമിലും ജനസംഖ്യാ നിയന്ത്രണത്തിനുള്ള പ്രേരണ എന്താണെന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
അസമിന് പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന് നിയമ നിർമാണം നടപ്പാക്കാൻ ഒരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. നിയമനിർമാണത്തിന്‍റെ കരട് ബിൽ സർക്കാർ പുറത്തിറക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബിൽ.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലികളിലും വിലക്ക് ഏർപ്പെടുത്തുമെന്നും യു.പി ലോ കമീഷൻ ചെയർമാൻ ജസ്റ്റിസ് എ.എൻ. മിത്തൽ ഇന്ത്യ ടുഡെേയാട് പറഞ്ഞു.രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല.സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.
എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക് മിതമായി പലിശയിൽ വീട് വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.നാഷനൽ പെൻഷൻ സ്കീമിന് കീഴിലെ ഇ.പി.എഫിൽ മൂന്നുശതമാനം വർധനയുണ്ടാകും. ഒറ്റ കുട്ടികളുള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ കുട്ടിക്ക് 20 വയസുവരെ സൗജന്യ ആരോഗ്യ പരിരക്ഷയും വിദ്യാഭ്യാസവും നൽകും. കരട് ബില്ലിൽ ജൂലൈ 19 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.