വ്യക്തി സ്വാതന്ത്ര്യമായി മതത്തെ മനസ്സിലാക്കാൻ സമൂഹത്തിന് കഴിയണം- ശശി തരൂർ
text_fieldsട്വിറ്ററിൽ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ എല്ലാം വ്യക്തിപരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മഹുവ മൊയ്ത്രയുടെ വിവാദ കാളീഭക്തി പരാമർശനത്തിനെ അനുകൂലിച്ച് ശശി തരൂർ ചെയ്ത ട്വീറ്റിനെ കോൺഗ്രസ് പിന്തുണക്കാത്തതിനെ തുടർന്നാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.
വൈവിധ്യമാർന്ന സംസ്കാരം ഉള്ളതിനാൽ രാജ്യത്ത് ആചാരങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. ഇത് പറഞ്ഞതിന് മഹുവ നേരിടുന്ന പ്രത്യാഘാതങ്ങൾ അമ്പരപ്പിക്കുന്നതാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. തരൂരിന്‍റെ ട്വീറ്റ് 'അദ്ദേഹത്തിന്‍റെ മാത്രം അഭിപ്രായ'മാണെന്നാണ് കോൺഗ്രസ് പറഞ്ഞത്.
ഇതിനെതിരെ പരോക്ഷമായാണ് തരൂർ പ്രതികരിച്ചത്. ട്വീറ്റ് ചെയ്യുന്നത് എല്ലാം വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും ഉറച്ച അഭിപ്രായമില്ലാത്തവർ ഏത് ചെറിയ കാര്യത്തിലും വീണുപോകുമെന്നുമാണ് തരൂർ മറുപടിയായി ട്വീറ്റ് ചെയ്തത്.
കാളി ദേവിയെ മാംസാഹാരിയായി സങ്കൽപ്പിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് മഹുവ മൊയ്ത്ര അഭിപ്രായപ്പെട്ടിരുന്നു. വിവാദ കാളി പോസ്റ്ററിന്‍റെ പശ്ചാത്തലത്തിലാണ് മഹുവ ഇത് പറഞ്ഞത്. ഇതിന് ബി.ജെ.പി രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു. തൃണമൂൽ പാർട്ടിയുടെ എം.പിയായ മഹുവയുടെ പ്രതികരണത്തെ പാർട്ടിയും പിന്തുണച്ചില്ല. മഹുവയുടെ പരാമർശങ്ങളുടെ ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്നാണ് തൃണമൂലിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജ് അറിയിച്ചത്.
ഇതിലുള്ള രോഷവും തരൂർ പ്രകടിപ്പിച്ചു. മതത്തെ പറ്റി ഒന്നും പറയാൻ ആകാത്ത അവസ്ഥയിലേക്ക് രാജ്യം എത്തിയിരിക്കുന്നുവെന്ന് തരൂർ അപലപിച്ചു. മറ്റാരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ നടത്തിയ പരാമർശമായി മഹുവയുടെ വാക്കുകൾ തോന്നിയില്ലെന്നും മതാചാരങ്ങളും വിശ്വാസങ്ങളും വ്യക്തിസ്വാതന്ത്ര്യമായി മനസ്സിലാക്കാൻ സമൂഹത്തിന് കഴിയണമെന്നും തരൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.