അയോധ്യയിൽ എല്ലാം ശാന്തം; നബിദിന പരിപാടികൾ നടന്നില്ല
text_fieldsലഖ്നോ: രണ്ടു പതിറ്റാണ്ടായി കാത്തിരുന്ന വിധി വന്ന ദിനത്തിലും പിറ്റേന്നും പതിവു തിരക ്കുകളിലലിഞ്ഞ് അയോധ്യ. സുരക്ഷസേന കനത്ത വലയം തീർത്ത നഗരത്തിൽ സംഘർഷങ്ങളോ അമിത ആവേശപ്രകടനങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. നഗരത്തിലെ മുസ്ലിം ഭൂ രിപക്ഷ പ്രദേശങ്ങൾപോലും വിധി വന്നിട്ടും അസ്വസ്ഥത കാണിക്കാതെ ശാന്തത പുലർത്തി. കനത്ത സുരക്ഷക്കു പുറമെ മത നേതാക്കളുടെ ആഹ്വാനങ്ങളും ചേർന്നത് സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നാണ് കണക്കുകൂട്ടൽ.
എണ്ണമറ്റ ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുള്ള അയോധ്യയിൽ ഇന്നലെയും വിശ്വാസികളുടെ സ്വാഭാവിക തിരക്കുണ്ടായിരുന്നു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ പൂർണമായി പൊലീസ് നിയന്ത്രണത്തിലാണ്. ക്ഷേത്രങ്ങൾക്കും കാവലൊരുക്കി. ബാബരി മസ്ജിദ് തകർത്ത ഭൂമിയിലെ താൽകാലിക നിർമാണത്തിലേക്കുള്ള റോഡിൽ അധികൃതർ വാഹന ഗതാഗതം വിലക്കി. കാൽനട യാത്ര അനുവദിച്ചു. നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പൊലീസ് ഐ.ജി സഞ്ജീവ് ഗുപ്തയും ജില്ല മജിസ്ട്രേറ്റ് അനൂജ് ഝായും ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തി.
അതേസമയം, ഞായറാഴ്ച നബിദിനമായിട്ടും അയോധ്യയിൽ ആഘോഷ പരിപാടികൾ നടന്നില്ല. വിധിയിലെ അസന്തുഷ്ടിയും മുൻകരുതലുമാണ് മത നേതൃത്വത്തെ നബിദിന ഘോഷയാത്രകളിൽനിന്നും മറ്റു പരിപാടികളിൽനിന്നും പിന്തിരിപ്പിച്ചത്. പതിവുപോലെ പരിപാടികൾ നടന്നതായി അധികൃതർ പറയുന്നുണ്ടെങ്കിലും അയോധ്യയിലെ പ്രധാന പള്ളി ഇമാം മുഫ്തി ശംസുൽ ഖമർ ഖാദിരി ഉൾപ്പെടെ വിട്ടുനിന്നു.
വിധി പറയും മുമ്പ് നഗരത്തിൽ 144 പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.