കർണാടകയിൽ വാരാന്ത്യ കർഫ്യു; അറിയേണ്ടതെല്ലാം
text_fields- സിവിൽ സർവിസ് മെയിൻ പരീക്ഷ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾ എഴുതുന്നവർക്ക് ഹാൾ ടിക്കറ്റ് കൈവശം വെച്ച് യാത്ര ചെയ്യാം
- വാരാന്ത്യ കർഫ്യൂ, രാത്രി കർഫ്യൂ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കും
- ശനി, ഞായർ ദിവസങ്ങളിലെ ബി.എം.ടി.സി ബസ് സർവിസ് റദ്ദാക്കി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ അവശ്യസർവിസ് മേഖലയിലുള്ളവർക്കായി പത്തുശതമാനം ബസ് സർവിസ് നടത്തും. തിരിച്ചറിയിൽ കാർഡ് കാണിച്ചശേഷം യാത്ര ചെയ്യാം
- ബംഗളൂരു നമ്മ മെട്രോ ട്രെയിൻ സമയം കുറച്ചു. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ രാത്രി ഒമ്പതുവരെ മാത്രമായിരിക്കും മെട്രോ ട്രെയിൻ സർവിസ്. ട്രെയിൻ സർവിസിന്റെ ഇടവേള 20 മിനിറ്റായും വർധിപ്പിച്ചു. മറ്റു ദിവസങ്ങളിൽ രാവിലെ അഞ്ചു മുതൽ രാത്രി 11വരെ സർവിസുണ്ടാകും.
- വാരാന്ത്യ കർഫ്യൂവിൽ അന്തർ സംസ്ഥാന ബസ് സർവീസ് ഉൾപ്പെടെ കർണാടക ആർ.ടി.സി പരിമിതപ്പെടുത്തി. ബുക്കിങ് അനുസരിച്ച് മാത്രമായിരിക്കും സർവിസ്. സംസ്ഥാനത്തെ സർവിസുകളും കുറച്ചു.
- വിവാഹങ്ങൾ തുറന്ന സ്ഥലത്ത് 200 പേരെയും അടച്ചിട്ട സ്ഥലത്ത് 100 പേരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്താം
- ഹോട്ടലുകളിലും മറ്റു ഭക്ഷണശാലകളിലും പാർസലും ഹോം ഡെലിവറിയും മാത്രം
- വിമാന, ട്രെയിൻ, പൊതുഗതാഗതം എന്നിവക്ക് തടസ്സമില്ല. എന്നാൽ, അനാവശ്യ യാത്ര പാടില്ല. അന്തർ സംസ്ഥാന യാത്രക്ക് തടസ്സമില്ല. ട്രെയിൻ, വിമാന യാത്രക്കാർക്ക് യാത്രാരേഖയുമായി ടാക്സികളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും പോകാം.
- പഴം, പച്ചക്കറി, പലചരക്ക്, പാൽ, ഇറച്ചി തുടങ്ങിയവ വിൽക്കുന്ന കടകൾക്കും തെരുവുകച്ചവടക്കാർക്കും കച്ചവടം ചെയ്യാം.
- ചികിത്സ, വാക്സിൻ തുടങ്ങിയവക്കായി യാത്ര ചെയ്യാം
- ഐ.ടി, വ്യവസായ മേഖലയിലുള്ളവർക്ക് ജോലിക്ക് പോകുന്നതിൽ തടസ്സമില്ല
- തിങ്കൾ മുതൽ വെള്ളിവരെ മാളുകൾക്കും മറ്റു ഷോപ്പിങ് കോംപ്ലക്സുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ പ്രവർത്തിക്കാം
ട്യൂഷന് സെന്ററുകളും അടക്കാന് നിര്ദേശം
ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു അർബൻ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ അടക്കാൻ സർക്കാർ ഉത്തരവിറക്കി. ബംഗളൂരുവിലെ ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ റദ്ദാക്കിയതിനുപിന്നാലെയാണ് ട്യൂഷൻ സെന്ററുകൾ അടക്കാൻ നിർദേശം നൽകിയത്.
ഒമ്പതാം ക്ലാസ് വരെയുള്ളവർക്ക് ബംഗളൂരു നഗരത്തിൽ സ്കൂളിലെത്തിയുള്ള ക്ലാസുകൾ കഴിഞ്ഞദിവസം മുതൽ നിർത്തലാക്കിയിരുന്നു. ബംഗളൂരു അർബൻ ജില്ലയിലെ ട്യൂഷൻ സെന്ററുകളും മറ്റെല്ലാ കോച്ചിങ് സെന്ററുകളും അടച്ചുപൂട്ടാൻ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ നടപടി സ്വീകരിക്കണമെന്നാണ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചത്.
വാരാന്ത്യ കർഫ്യൂ തുടങ്ങി; ഒമിക്രോൺ കേസുകളിലും വൻ വർധന
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി പത്തുമുതൽ പ്രാബല്യത്തിലായി. മൂന്നാം തരംഗം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ച ബംഗളൂരു നഗരത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുന്നത്.
ഇത്തരം നിയന്ത്രണങ്ങൾക്കിടെയും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. വെള്ളിയാഴ്ച സംസ്ഥാനത്തെ ഒമിക്രോൺ കേസുകളും വർധിച്ചു. വെള്ളിയാഴ്ച 107 പേർക്കുകൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. ഇതോടെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 333 ആയി ഉയർന്നു.
വാരാന്ത്യ കർഫ്യൂവിൽ അവശ്യസർവിസുകൾക്ക് മാത്രമാണ് അനുമതി. വെള്ളിയാഴ്ച രാത്രി മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു. നഗരത്തിലെ എല്ലാ മേൽപാലങ്ങളും രാത്രിയോടെ തന്നെ അടച്ചു. വാരാന്ത്യ കർഫ്യൂവിന് പുറമെ രാത്രി കർഫ്യൂ ഉൾപ്പെടെ ജനുവരി 19വരെയാണ് പുതിയ നിയന്ത്രണങ്ങൾ. ബംഗളൂരു അർബൻ ജില്ലയിലെ ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂളുകൾ അടച്ചിട്ടിട്ടുണ്ട്. എന്നാൽ, വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിലുള്ള ബംഗളൂരു അർബൻ ജില്ലയിലെ എൻജിനീയറിങ് കോളജുകൾ കോവിഡ് മാർഗനിർദേശ പ്രകാരം തുറന്നു പ്രവർത്തിക്കാനും ഓഫ് ലൈൻ ക്ലാസുകൾക്കും അനുമതി നൽകി.
നേരത്തേ മെഡിക്കൽ -പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് മാത്രമായിരുന്നു അനുമതി. പുതിയ ഉത്തരവിലൂടെയാണ് ബംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലും ഓഫ് ലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത്.
എന്നാൽ, ബംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫ് ലൈൻ ക്ലാസുകൾ നിർത്തിവെച്ചുകൊണ്ടുള്ള മുൻ ഉത്തരവ് വന്നതിന് പിന്നാലെ കേരളത്തിലേക്ക് ഉൾപ്പെടെ ആയിരക്കണക്കിന് എൻജിനീയറിങ് വിദ്യാർഥികളാണ് നാട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങിയത്.
ഇതിനിടയിൽ എൻജിനീയറിങ് കോളജുകളിൽ വീണ്ടും ഓഫ് ലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത് വിദ്യാർഥികളെ വെട്ടിലാക്കി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫ് ലൈൻ ക്ലാസുകൾ ഒഴിവാക്കണമെന്നാണ് വിവിധ കോണുകളിൽനിന്നുള്ള ആവശ്യം. പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും നേരിട്ടുള്ള ക്ലാസുകൾ തുടരുന്നുണ്ട്. ഇതിനെതിരെയും എതിരഭിപ്രായം ഉയരുന്നുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ബംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫ് ലൈൻ ക്ലാസുകളും തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. എൻജിനീയറിങ് കോളജുകൾക്ക് പ്രവർത്തനാനുമതി നൽകിയതിനു പുറമെ ചീഫ് സെക്രട്ടറി പി. രവികുമാർ ഇറക്കിയ പുതിയ ഉത്തരവിൽ വാരാന്ത്യ കർഫ്യൂവിൽ അഭിഭാഷകർക്കും ജോലിക്കുപോകാനുള്ള അനുമതി നൽകി.
ഇതിനുപുറമെ നിയമ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ വെച്ചുകൊണ്ട് വാരാന്ത്യങ്ങളിൽ പ്രവർത്തിപ്പിക്കാം. തിരിച്ചറിയൽ കാർഡോടെ അഭിഭാഷകർക്ക് വാരാന്ത്യ കർഫ്യൂ സമയത്ത് യാത്ര ചെയ്യാം. അടിയന്തര, ആശുപത്രി, അവശ്യ സർവിസുകൾക്ക് അല്ലാതെ മറ്റു അനാവശ്യ യാത്രകൾക്ക് വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെ കർശന വിലക്കുണ്ടാകുമെന്നും പുതുക്കിയ ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.