അസമിൽ വീണ്ടും കുടിയിറക്കൽ; വഴിയാധാരമായി അഞ്ഞൂറോളം കുടുംബങ്ങൾ
text_fieldsഗുവാഹതി: അസമിലെ ലഖിംപുർ ജില്ലയിൽ വനഭൂമി കൈയേറിയെന്ന് ആരോപിച്ച് അഞ്ഞൂറോളം കുടുംബങ്ങളെ കുടിയിറക്കി ബി.ജെ.പി സർക്കാർ. പാഭ റിസർവ് വനത്തിന്റ ഭാഗമായ പതിനായിരത്തോളം ഏക്കറിൽ താമസിച്ചുവരുന്ന ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും. 25 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നവരും ഒഴിപ്പിച്ചവരിൽ ഉൾപ്പെടുമെന്ന് ആരോപണമുണ്ട്. പലർക്കും തങ്ങളുടെ വസ്തുവകകൾ എടുത്തുമാറ്റാൻ പോലും കഴിഞ്ഞില്ലെന്നും എല്ലാം നഷ്ടമായെന്നും ഗ്രാമീണർ പറയുന്നു. മികച്ച വിളവായിരുന്നു ഇത്തവണ കൃഷിയിടങ്ങളിൽനിന്ന് കിട്ടിയിരുന്നതെന്നും അെതല്ലാം അധികൃതർ നശിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു.
റിസർവ് വനത്തിലെ 90 ശതമാനം കൈയേറ്റവും അഞ്ചു ദിവസംകൊണ്ട് ഒഴിപ്പിച്ചുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഞായറാഴ്ച ട്വിറ്ററിലൂെട പ്രഖ്യാപിക്കുകയും ചെയ്തു. ‘‘കൈയേറ്റക്കാരിൽനിന്ന് പാഭ റിസർവ് വനത്തിന്റെ ഭാഗമായ 4163 ഹെക്ടർ ഭൂമി മോചിപ്പിച്ച സന്തോഷ വാർത്ത അറിയിക്കുന്നു’’ -ഹിമന്ത ട്വീറ്റ്ചെയ്തു. നമ്മുടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയെന്നത് പരമപ്രധാനമാണെന്നും ഇതിനായി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു.
ഗ്രാമീണർ കൈയേറിയതെന്ന് ആരോപിച്ച് സമീപ പ്രദേശത്തുള്ള കൃഷിയിടങ്ങളും വൻ തോതിൽ ഒഴിപ്പിച്ചിട്ടുണ്ട്. 1941ൽ 46 ചതുരശ്ര കിലോമീറ്റർ ഉണ്ടായിരുന്ന പാഭ റിസർവ് വനത്തിൽ കൈയേറ്റമില്ലാത്ത 0.32 ചതുരശ്ര കിലോമീറ്റർ മേഖല മാത്രമേ ബാക്കിയുള്ളൂ എന്ന് ലഖിംപുർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അശോക് കുമാർ ദേവ് ചൗധരി പറഞ്ഞു. ഒഴിപ്പിക്കലിനു മുന്നേ ആകെ 701 കുടുംബങ്ങൾ കൈയേറ്റം നടത്തിയിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു.
2021ൽ അധികാരമേറിയ ഹിമന്ത സർക്കാർ കൈയേറ്റത്തിന്റെ പേരുപറഞ്ഞ് അനേകം കുടുംബങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയിറക്കിയിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും മുസ്ലിംകളാണ് എന്നത് സർക്കാറിന്റെ വിവേചനപരമായ നടപടിയുടെ തെളിവാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. എന്നാൽ, ബി.ജെ.പി സർക്കാർ നിലവിലുള്ളിടത്തോളം ഇത്തരം നടപടി തുടരുമെന്നാണ് ഹിമന്തയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.