കൊല്ലപ്പെട്ട സിമി പ്രവർത്തകർക്കെതിരായ തെളിവുകൾ വിശ്വസനീയമല്ല –കോടതി
text_fieldsഭോപ്പാൽ: ഭോപ്പാലിൽ പൊലീസുമായുള്ള എറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് സിമി പ്രവർത്തകർക്കെതിരായ കേസുകളിൽ തെളിവുകൾ വിശ്വസനീയമല്ലെന്ന് കോടതി. 2011ലാണ് മൂന്നുപേർക്കെതിരെയും പൊലീസ് കേസെടുത്തത്. യു.എ.പി.എ നിയമപ്രകാരം കേസെടുത്ത അഖീൽ ഗിൽജി മറ്റു വകുപ്പുകൾ പ്രകാരം കേസെടുത്ത അംസാദ് റംസാൻ ഖാൻ, മുഹമദ് സാലിഖ് എന്നിവരുടെ കാര്യത്തിലാണ് നിർണായകമായ കോടതി പരാമർശമുണ്ടായത്. നാലു വർഷത്തെ വിചാരണക്കു ശേഷം കേസിൽ കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങളാണ് ഇന്ത്യൻ എക്സ്പ്രസ് വെബ്സൈറ്റ് പുറത്തുവിട്ടത്.
ഇതോടെ ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയ പൊലീസ് നടപടിയും വിവാദത്തിലാകും. തെളിവുകൾ ഫോറൻസികിന് പരിശോധനക്കായി നൽകാത്തതിനെയും കോടതി വിമർശിച്ചു. 2011 ജൂൺ 13 നാണ് ഗിൽജിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. മത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുന്ന വിധത്തിൽ പ്രവർത്തിച്ചു എന്നതിെൻറ പേരിലാണ് ഗിൽജിക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയത്.
തിങ്കളാഴ്ചയുണ്ടായ പൊലീസ് എറ്റുമുട്ടലിൽ കൊല്ലപ്പെട്ട അബ്ദുല്ലയുടെ സഹോദരൻ സക്കിർ ഹുസൈൻ, ഗിൽജിയുടെ മകൻ മുഹമദ് ജലീൽ എന്നിവരും ഇൗ കേസിൽ പ്രതികളാണ്. യു.എ.പി.എയും മറ്റു വകുപ്പുകളായ 153(A),153(B),124(A) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗിൽജിയുടെ വീട്ടിൽ പതിനൊന്നോളം വരുന്ന സിമി പ്രവർത്തകർ ഒത്തുകൂടുകയും ഗൂഢാലോചനയിൽ പങ്കാളിയാവുകയും ചെയ്തു എന്നതാണ് പൊലീസ് കേസ്. സംഭവസ്ഥലത്തു നിന്ന് ലഘുലേഖകളും സി.ഡികളും കണ്ടെടുത്തു എന്നാണ് പൊലീസ് പറഞ്ഞത്. ഇത് പ്രതികൾക്കെതിരായ മുഖ്യ തെളിവായി സ്വീകരിക്കുകയായിരുന്നു.
തിങ്കളാഴ്ചയായിരുന്നു ഭോപ്പാൽ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരായിരുന്ന 8 സിമി പ്രവർത്തകർ ജയിൽ ചാടിയത്. ഇവരെ പിന്നീട് പൊലീസ് എറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായരുന്നു. ഭോപ്പാൽ പൊലീസിെൻറ നടപടി പിന്നീട് വിവാദമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.