തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനും ഈറോഡ് എം.എൽ.എയുമായ ഇ.വി.കെ.എസ് ഇളങ്കോവൻ അന്തരിച്ചു
text_fieldsചെന്നൈ: തമിഴ്നാട് മുൻ കോൺഗ്രസ് അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവൻ എം.എൽ.എ അന്തരിച്ചു. 74 വയസ്സായിരുന്നു. ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തെയാണ് പ്രതിനിധാനംചെയ്തിരുന്നത്.
സാമൂഹിക പരിഷ്കർത്താവും ദ്രാവിഡ കഴകം സ്ഥാപകനുമായ പെരിയാർ ഇ.വി രാമസാമിയുടെ പേരമകനാണ്. ഇ.വി.കെ. സമ്പത്തിന്റെ മകനാണ് ഇളങ്കോവൻ. ഹൃദ്രോഗബാധിതനായി ഒരു മാസക്കാലമായി ചെന്നൈ ആശുപത്രിയിൽ ചികിത്സയിലാണ്.
2004-’09 കാലയളവിൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ടെക്സ്റ്റൈൽസ് സഹമന്ത്രിയായിരുന്നു. മകന് തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ ഈറോഡ് ഈസ്റ്റ് നിയമസഭ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എം.എല്‍.എയായത്. ഒരേ നിയമസഭയുടെ കാലയളവില്‍ പിതാവും മകനും മരിച്ചത് അപൂർവതയാണ്. ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കും. 2014ലാണ് തമിഴ്നാട് പി.സി.സി അധ്യക്ഷനായത്.
മൃതദേഹം ചെന്നൈ മണപാക്കത്തിലെ വസതിയിൽ പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആദരാഞ്ജലിയർപിച്ചു.
പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ വിവിധ നേതാക്കൾ അനുശോചിച്ചു.
സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം ചെന്നൈ രാമപുരം വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: വരലക്ഷ്മി. മക്കൾ: സഞ്ജയ്, പരേതനായ തിരുമകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.