വീണ്ടും ഇ.വി.എം വിവാദം; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഹരിയാന നിയമസഭ വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്ന് കാണിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പുതിയ വിവാദത്തിന് തിരികൊളുത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന കോൺഗ്രസ് പിന്നീട് പിന്നാക്കംപോയതിൽ ദുരൂഹതയുണ്ടെന്നാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ ആരോപിച്ചിരിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുകയും ചെയ്തു.
ആരോപണം ഇങ്ങനെ
വോട്ടുയന്ത്രത്തിൽ 99 ശതമാനം ബാറ്ററി ചാർജ് രേഖപ്പെടുത്തിയ ഇടങ്ങളിൽ കോൺഗ്രസ് പരാജയപ്പെട്ടു; 60-70 ശതമാനം ബാറ്ററി ചാർജ് രേഖപ്പെടുത്തിയ വോട്ടുയന്ത്രം എണ്ണിയപ്പോൾ കോൺഗ്രസ് വിജയിക്കുകയും ചെയ്തു.
ബാറ്ററി ചാർജും തട്ടിപ്പും
മറ്റൊരു സ്രോതസ്സിൽനിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്നതിന് പകരം ഇ.വി.എമ്മിൽ ആൽക്കലൈൻ ബാറ്ററികളാണ് ഉപയോഗിക്കുക. ഇ.വി.എമ്മിന്റെ കൺട്രോൾ യൂനിറ്റിൽ 7.5 വോൾട്ട് ബാറ്ററിയും വിവിപാറ്റ് മെഷീനിൽ 22.5 വോൾട്ട് ബാറ്ററിയുമാണ് ഉണ്ടാവുക. യന്ത്രത്തിലെ ബാറ്ററി ചാർജ് ഓരോ സമയത്തും കൃത്യമായി അറിയാൻ അതിൽതന്നെ സംവിധാനമുണ്ട്. കൺട്രോൾ യൂനിറ്റിൽ ചാർജ് നില ‘ഉയർന്നത്’, ‘ഇടത്തരം’, ‘കുറഞ്ഞത്’ എന്നിങ്ങനെ ഡിസ്പ്ലേ ചെയ്യും. ചാർജ് ‘കുറഞ്ഞ’ നിലയിൽ എത്തി കുറച്ചുസമയം കഴിഞ്ഞാൽ ‘ബാറ്ററി മാറ്റുക’ എന്ന നിർദേശവും ഡിസ്പ്ലേ ബോർഡിൽ തെളിയും. ഈ സമയം ബാറ്ററി മാറ്റണം.
സാധാരണഗതിയിൽ വോട്ടെടുപ്പ് മുതൽ വോട്ടെണ്ണൽ വരെയുള്ള പ്രക്രിയകൾക്കായി ഒരു യന്ത്രത്തിന് ഒരു ബാറ്റിതന്നെ ധാരാളം മതിയാകും. റീ കൗണ്ടിങ് വേണ്ടിവന്നാൽപോലും ബാറ്ററി മാറ്റേണ്ട ആവശ്യമുണ്ടാവില്ല. ഏതെങ്കിലും സാഹചര്യത്തിൽ ബാറ്ററി മാറ്റേണ്ടിവന്നാൽ സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കണം അത് നിർവഹിക്കേണ്ടത്.
ആരോപണത്തിൽ കഴമ്പുണ്ടോ?
വോട്ടെണ്ണൽ സമയത്ത് 99 ശതമാനം ചാർജ് നിലയാണ് കാണിക്കുന്നതെങ്കിൽ, അതിനുമുമ്പ് ബാറ്ററി മാറ്റിയിട്ടുണ്ടാകണം. എന്നാൽ, ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരിടത്തും ബാറ്ററി മാറ്റൽ നടപടികളുണ്ടായിട്ടില്ലെന്ന് ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് ജില്ലകളിലെ കോൺഗ്രസ് ബൂത്ത് ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണഗതിയിൽ വോട്ടെടുപ്പിനുശേഷം യന്ത്രത്തിൽ 60 ശതമാനം ചാർജ് അവശേഷിക്കാറുണ്ട്. അപ്പോൾ, 99 ശതമാനം കാണിക്കുന്നിടത്ത് വോട്ട് രേഖപ്പെടുത്തിയ വോട്ടുയന്ത്രംതന്നെയാണോ വോട്ടെണ്ണലിന് കൊണ്ടുവന്നതെന്ന സംശയമാണ് ഉയരുന്നത്. ഇത്തരത്തിൽ 12 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് പരാജയപ്പെട്ടുവെന്നാണ് ജയ്റാം രമേശ് പറയുന്നത്.
‘‘ഹരിയാന തെരഞ്ഞെടുപ്പ് ഫലം അസ്വീകാര്യമെന്ന കോൺഗ്രസ് പ്രസ്താവന ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. സമ്പന്നമായ ജനാധിപത്യ പൈതൃകമുള്ള ഒരു രാജ്യത്ത് കേൾക്കാത്തതാണിത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുമപ്പുറമാണ് ഈ പ്രസ്താവന. ജനഹിതത്തോടുള്ള ജനാധിപത്യവിരുദ്ധമായ നിരാകരണമായും ജയ്റാം രമേശ്, പവൻ ഖേര തുടങ്ങിയവരുടെ പ്രസ്താവനയെ വിലയിരുത്തുന്നു’’
തെരഞ്ഞെടുപ്പ് കമീഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.