പോളിങ്ങിനിടെ വോട്ടുയന്ത്രം കത്തിക്കാൻ ശ്രമം
text_fieldsമുംബൈ: വോട്ടു ചെയ്യാനെത്തിയ ആൾ പോളിങ്ങിനിടെ വോട്ടുയന്ത്രം (ഇ.വി.എം) കത്തിക്കാൻ ശ്രമിച്ചു. മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലാണ് സംഭവം. സംഗോള നിയമസഭ മണ്ഡലത്തിനുകീഴിലുള്ള 86ാം നമ്പർ ബൂത്തിലാണ് സംഭവം.
വോട്ടുചെയ്യുന്നതിനിടയിൽ ഇയാൾ ബാലറ്റ് യൂനിറ്റ് കത്തിക്കാൻ ശ്രമിച്ചുവെന്ന് ജില്ല കലക്ടറും ഇലക്ഷൻ ഓഫിസറുമായ കുമാർ ആശിർവാദ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബാലറ്റ് യൂനിറ്റിന്റെ ചില ഭാഗത്ത് കറുത്ത പാടുകൾ വന്നുവെങ്കിലും യന്ത്രം പ്രവർത്തിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇ.വി.എം പൂർണമായും മാറ്റി മോക്ക് പോളിനുശേഷം ഇവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ഗാന്ധിനഗറിൽ വോട്ട് ചെയ്ത് മോദി
അഹ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗർ മണ്ഡലത്തിൽ വോട്ട് ചെയ്തു. അഹ്മദാബാദ് റാണിപിലെ നിഷാൻ പബ്ലിക് സ്‌കൂളിലെ പോളിങ് ബൂത്തിൽ രാവിലെ ഏഴുമണിയോടെയാണ് മോദിയെത്തിയത്.
മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും ഒപ്പമുണ്ടായിരുന്നു. ഇത് ജനാധിപത്യത്തിന്റെ ആഘോഷ ദിനമാണെന്നും രണ്ടുഘട്ട വോട്ടെടുപ്പും നല്ലരീതിയിൽ നടത്തിയതിന് തെരഞ്ഞെടുപ്പ് കമീഷനെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
അമിത് ഷാ ഭാര്യക്കും മക്കൾക്കുമൊപ്പം നാരായൻപുരയിലെ പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 25 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 60 ശതമാനത്തിൽ താഴെയാണ് പോളിങ്.
ഏഴാം ഘട്ടം: വിജ്ഞാപനമായി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട (ഏഴാം ഘട്ടം) വോട്ടെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. ജൂൺ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഏഴ് സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഈ ഘട്ടത്തിലായിരിക്കും തെരഞ്ഞെടുപ്പ്. മേയ് 14 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മേയ് 17ന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.