ഇ.വി.എം വോട്ടിംഗ് വി.വിപാറ്റുമായി ക്രോസ് വെരിഫിക്കേഷൻ നടത്തണം- ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇ.വി.എം) പോൾ ചെയ്ത വോട്ടുകൾ വി.വിപാറ്റ് പേപ്പർ സ്ലിപ്പുമായി യോജിപ്പിച്ച് ക്രോസ് വെരിഫിക്കേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കോടതി ഹരജി പരിഗണിക്കാൻ തയ്യാറായത്. വി.വിപാറ്റിന്‍റെ പേപ്പർ സ്ലിപ്പ് സീൽ ചെയ്ത കവറിൽ സൂക്ഷിക്കുകയും തർക്കമുണ്ടെങ്കിൽ അത് തുറക്കുകയും ചെയ്യാം.
ഇ.വി.എം വോട്ടിംഗ് സംവിധാനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങളും ആശങ്കകൾക്കുമിടയിലാണ് ഓരോ വോട്ടും ക്രോസ് വെരിഫിക്കേഷൻ നടത്തണമെന്ന ഹരജികൾ ഉന്നയിച്ചത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), പ്രവർത്തകൻ അരുൺ കുമാർ അഗർവാൾ ആണ് ഹരജികൾ സമർപ്പിച്ചിരിക്കുന്നത്.
എല്ലാ വി.വിപാറ്റ് സ്ലിപ്പുകളും എണ്ണാൻ അഗർവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കോടതി അദ്ദേഹത്തിൻ്റെ ഹരജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും കേന്ദ്രത്തിൽ നിന്നും മറുപടി തേടിയിരുന്നു. നിലവിലെ സംവിധാനത്തിന് കീഴിൽ ഓരോ അസംബ്ലി മണ്ഡലത്തിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇ.വി.എമ്മുകളുടെ വി.വിപാറ്റ് പേപ്പർ സ്ലിപ്പുകൾ ഭൗതികമായി പരിശോധിച്ചുറപ്പിക്കുന്നു.
വോട്ടർമാർക്ക് വി.വിപാറ്റ് വഴി തങ്ങളുടെ വോട്ട് റെക്കോർഡ് ചെയ്തതായി പരിശോധിക്കാനുള്ള അവസരം ഉറപ്പാക്കണമെന്നു ഹരജിയിൽ ആവശ്യപ്പെടുന്നു. എന്നാൽ എല്ലാ വോട്ടുകളുടെയും വി.വിപാറ്റ് പരിശോധിച്ചുറപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളോടുള്ള പ്രതികരണത്തിൽ ഈ നടപടി വോട്ടെണ്ണൽ പ്രക്രിയയെ വൈകിപ്പിക്കുമെന്നാണ് കോടതി വാദം.
2009-ലെ പൊതുതിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെയാണ് വിഷയം ആദ്യമായി ഉയർന്നത്. ഇ.വി.എമ്മുകളിൽ പേപ്പർ ട്രയൽ സംവിധാനം ഉൾപ്പെടുത്തണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹൈകോടതി ഹരജി തള്ളിയതിനാൽ സ്വാമി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2013ലെ വിധിന്യായത്തിൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് 'പേപ്പർ ട്രയൽ' ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.